
മുംബൈ∙: അശ്ലീല വീഡിയോകളുടെ പേരില്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്ന രാജ് കുന്ദ്ര ബിസിനസ് നിന്നു പോകാതിരിക്കാന്‍ ബദല്‍ സംവിധാനവും ആസൂത്രണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. കുന്ദ്രയുടെ തന്നെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. അശ്ലീല ആപ്പായ ‘ഹോട്ട്ഷോട്ട്സി’നെ ഗൂഗിള്‍, ആപ്പിൾ സ്റ്റോറുകൾ വിലക്കിയാൽ മറ്റൊരു ചാനലോ ഒടിടി പ്ലാറ്റ്ഫോമോ തുടങ്ങാൻ രാജ്കുന്ദ്ര ആസൂത്രണം ചെയ്തിരുന്നതായി പോലീസിന്റെ നിഗമനം.
അശ്ലീല വിഡിയോകൾ പ്രദർശിപ്പിക്കുന്നതിനുള്ള കുന്ദ്രയുടെ ആപ് ആണ് ഹോട്ട് ഷോട്ട്. അശ്ലീല ചിത്രങ്ങൾക്കായി പുതിയൊരു ആപ് ഇറക്കാനാണു ‘പ്ലാൻ ബി’ യിൽ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. വിവാദ ദൃശ്യങ്ങളെച്ചൊല്ലി കഴിഞ്ഞ വർഷം ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പും ഹോട്ഷോട്സിനെ വിലക്കിയിരുന്നു. കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസ് ലണ്ടനിലെ കെന്റിൻ കമ്പനിയുമായി ചേർന്നാണു പ്രവർത്തിക്കുന്നത്.
കെന്റിൻ കമ്പനിയുടെ ഉടമ കുന്ദ്രയുടെ സഹോദരി ഭർത്താവ് ആണെന്നാണു പൊലീസ് പറയുന്നത്. സെർവറിലെ ദൃശ്യങ്ങൾ കുന്ദ്ര യുകെ കമ്പനിയായ കിന്റിൻ വഴി അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. പോണ് ബിസിനസില്‍ രണ്ടു വര്‍ഷമായി കുന്ദ്ര ഉണ്ടെന്നുള്ളതാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് കുന്ദ്രയുടെ കരാര്‍ രേഖകളും ഇ മെയിലുകളും വാട്സ്ആപ്പ് ചാറ്റുകളുമെല്ലാം പോലീസ് പരിശോധന നടത്തി. അശ്ലീലചിത്രങ്ങൾ നിർമിച്ചെന്നും ആപ് വഴി പ്രചരിപ്പിച്ചെന്നുമാണു രാജ് കുന്ദ്രയ്ക്ക് എതിരേ കേസ്.
ജൂലൈ 23 വരെ കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അറസ്റ്റിനു പിറകേ കുന്ദ്രയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. സെർവറും 70 വിഡിയോകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കുന്ദ്രയുടെ പഴ്സനൽ അസിസ്റ്റന്റ് ഉമേഷ് കാമത്തിന്റെ നേതൃത്വത്തിലാണ് ഈ വിഡിയോകൾ ചിത്രീകരിച്ചത്. പോൺ ആപ് കേസുമായി ബന്ധപ്പെട്ട് 7.5 കോടിയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവരങ്ങൾ കൈമാറാനും അന്വേഷണത്തോടു സഹകരിക്കാനും വിവിധ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെർവർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.






