
തിരുവനന്തപുരം: എന്‍.സി.പി.യിലെ ഫോണ്‍വിളി വിവാദത്തില്‍ മൂന്നു പേര്‍ക്ക് കൂടി പാര്‍ട്ടിയുടെ അച്ചടക്ക നടപടി. പരാതിക്കാരിയുടെ പിതാവ്, മറ്റ് രണ്ട് നേതാക്കള്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും മന്ത്രിയുടെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിനാണ് പ്രദീപ് കുമാറിനെതിരെ നടപടിയെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി്സി ചാക്കോ അറിയിച്ചു.
വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് ജാഗ്രത പാലിക്കണമായിരുന്നുവെന്ന വിമര്‍ശനവുമുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് ഹണിയും മറ്റൊരാളുമാണ് സസ്പെന്‍ഷനിലായ മറ്റു രണ്ടു പേര്. പെണ്‍കുട്ടിയുടെ പിതാവ് അടക്കമുള്ളവരില്‍ എന്‍.സി.പി നിയോഗിച്ച അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ആരോപണ വിധേയനായ നിര്‍വാഹക സമിതിയംഗം ജി.പത്മാകരനേയും സ്ഥാപനത്തിലെ ജീവനക്കാരനെയും സസ്പെന്റ് ചെയ്തിരുന്നു.
പത്മാകരന് പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നുപിടിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തുവെന്ന പരാതി 'നല്ല രീതിയില്‍ തീര്‍ക്കുന്ന'തിനാണ് മന്ത്രി എ.കെ ശശീന്ദ്രന് വിളിച്ചത്. ഇതിന്റെ ടെലിഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നും മറ്റ് കേസ് തനിക്കറിയില്ലെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.






