
കൊച്ചി: വയനാട്, മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിക്കുകയാണെന്നു പറയേണ്ടിവരുമെന്നു ഹൈക്കോടതി. അന്വേഷണം തൃപ്തികരമല്ലെന്നും 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടു പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. വിലപിടിപ്പുള്ള മരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടും പ്രതികളെ പിടികൂടാത്തതു സര്‍ക്കാരിന്റെ പിടിപ്പുകേടും നിഷ്ക്രിയത്വവുമാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്നതിനു തെളിവാണിതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ വിമര്‍ശനം. പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് ഓഗസ്റ്റ് രണ്ടിനകം സര്‍ക്കാര്‍ മറുപടി നല്‍കണം. അനേ്വഷണവിശദാംശങ്ങള് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. എന്തുകൊണ്ടാണു യഥാര്‍ഥ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്താത്തതെന്നും കോടതി ചോദിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ന്യായമായ കാരണമല്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. മുട്ടിലില്‍നിന്നും വയനാട്ടിലെ മറ്റ് പ്രദേശങ്ങളില്‍നിന്നും മുറിച്ചുകടത്തിയ മരങ്ങള്‍ നട്ടതു കര്‍ഷകരല്ല. അത് മുറിക്കാന്‍ ആര്‍ക്കുമവകാശമില്ല. സര്‍ക്കാര്‍ഭൂമിയിലെ മരം കടത്തിയതു മോഷണമാണ്.
പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു. പട്ടയഭൂമിയില്നിന്നു മരം മുറിക്കാന്‍ അനുമതി തേടി മൂന്നാറിലെ അതിജീവന പോരാട്ടവേദി നല്കിയ പൊതുതാത്പര്യഹര്‍ജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
പ്രതികള്‍ കീഴടങ്ങുന്നതും കാത്ത് ക്രൈംബ്രാഞ്ച്!
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, പ്രതികള്‍ വൈകാതെ കീഴടങ്ങുമെന്നാശിച്ച് ക്രൈംബ്രാഞ്ച്. പ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവര്‍ ഒളിവിലാണ്.
മൂവരുടെയും ഫോണ്‍ ഓഫ് ചെയ്തനിലയിലാണ്. ഇവര്‍ കേരളം വിട്ടില്ലെന്നാണു സൂചന. ബന്ധുക്കള്‍ക്കും വിവരമൊന്നുമില്ല. അഭിഭാഷകരുമായി കൂടിയാലോചിച്ച്, ഇന്നോ നാളെയോ കീഴടങ്ങുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പ്രതികളെ പിടികൂടാത്തതു ഹൈക്കോടതി ചോദ്യംചെയ്തതോടെ അറസ്റ്റിനുള്ള ശ്രമവും തുടരുന്നു. ഒന്നാംപ്രതി റോജി കൊച്ചിയില്‍ ഒളിവില്ക്കഴിഞ്ഞതായി സൂചനയുണ്ട്.
പിടിച്ചെടുത്ത ഈട്ടിത്തടി വെട്ടിയെടുത്തത് എവിടെനിന്നാണെന്നു പൂര്‍ണമായി കണ്ടെത്തിയിട്ടില്ല. രണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാെണന്നാണു പ്രതികളുടെ വാദം. എന്നാല്‍, പറമ്പിലെ മരക്കുറ്റികളുടെ അളവ്, പിടിച്ചെടുത്ത മരക്കഷണങ്ങളുമായി യോജിക്കുന്നില്ല. കസ്റ്റഡിയില്‍ ചോദ്യംചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തതവരൂ. പ്രതികള്‍ മുറിച്ച ബാക്കി തടികള്‍ പിടിച്ചെടുക്കാനും ശ്രമം തുടരുന്നു. തടി വാങ്ങിയതിന്റെ ബില്ലാണു ഹാജരാക്കിയത്. മരം വെട്ടാനും കൊണ്ടുപോകാനുളള അനുമതി ഹാജരാക്കിയിട്ടില്ല. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് കടത്തിയതെന്നും സംശയിക്കുന്നു.






