
തിരുവനന്തപുരം: ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമേ ഉള്ളോ നിയമസഭയിലെ പരിപാവനത്വം എന്നും അതിനകത്തുള്ള നിയമസഭാ സാമാജികയുടെ അഭിമാനത്തിന് പരിപാവനത്വമില്ലേയെന്നും സിപിഎം മുൻ എംഎൽഎ ജമീല പ്രകാശം. നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ സുപ്രീംകോടതി വിചാരണ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ജമീല പ്രകാശത്തിന്റെ പ്രതികരണം.
കെഎം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫിലെ സാമാജികൻ പുറകുവശത്തുകൂടി വന്ന് എനിക്ക് കാണാൻ കഴിയാത്ത രീതിയിൽ ശാരീരികമായി ആക്രമിച്ചെന്നും വാച്ച് ആൻഡ് വാർഡൻ ഉദ്യോഗസ്ഥൻ വന്ന് സാമാജികനെതിരെ കൈപ്രയോഗം നടത്തിയാണ് എന്നെ രക്ഷിച്ചത്. ഇതെല്ലാം എല്ലാവരും കണ്ടതാണെന്നും അവര്‍ പറഞ്ഞു. പരാതി നൽകിയിട്ടും പൊലീസ് കേസുമായി മുമ്പോട്ടു പോയില്ലെന്നും പൊലീസ് തന്റെ പരാതി കീറിക്കളഞ്ഞു എന്നാണ് വിശ്വസിക്കുന്നതെന്നും ആരോപിച്ചു.
സംഭവത്തിൽ ലജിസ്ലേറ്ററിൽ സെക്രട്ടറിയേറ്റിൽ തന്നെ പരാതി നൽകിയിരുന്നു. ഡിജിപിയുടെ ഓഫീസിൽ കയറിയിറങ്ങിയിരുന്നു. അദ്ദേഹത്തെ നേരിട്ടു കണ്ട് പരാതി നൽകി. എന്തു കൊണ്ട് എന്റെ പരാതി സെക്രട്ടറിയേറ്റിൽ നിന്ന് പോയില്ല. എന്നെ ഉപദ്രവിക്കുന്നത് കണ്ടതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്. ഞാൻ നീതിപീഠങ്ങളുടെ മുമ്പിൽ നിൽക്കുകയാണ്' - ജമീല പ്രകാശം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർക്ക് നിയമപരിരക്ഷയില്ലെന്നും പ്രതികൾ വിചാരണ നേരിടണമെന്നും സുപ്രിംകോടതി വിധിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യവും തള്ളി. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന സർക്കാർ വാദം കോടതി നിരാകരിച്ചു. ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.






