
ഒരു രാജകീയ വിവാഹച്ചടങ്ങിലെ കേക്ക് ലേലത്തിന്. 1981 ജൂലായ്-29 ന് നടന്ന ചാള്‍സ് രാജകുമാരന്-ഡയാന രാജകുമാരി വിവാഹച്ചടങ്ങിനെത്തിച്ച ഒരു കേക്കിന്റെ കഷണമാണ് ഓഗസ്റ്റ് 11-ന് സംഘടിപ്പിക്കുന്ന ലേലത്തില്‍ വില്പനക്കെത്തുന്നത്.
നാൽപ്പത് കൊല്ലം പഴക്കമുള്ള കേക്കിന് ലേലത്തില്‍ വന്‍തുക നേടാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മാര്‍സിപാന്‍ ബെയ്സും മുകള്‍ വശത്ത് പഞ്ചസാര കോട്ടിങ്ങുമുള്ള കേക്കില്‍ കോട്ട്-ഓഫ്-ആംസ്(പ്രത്യേക രാജകീയ ചിഹ്നം) സ്വര്‍ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങള്‍ ഉപയോഗിച്ച് ചിത്രലേഖനം ചെയ്തിട്ടുണ്ട്. അമ്മ മഹാറാണിയുടെ കുടുംബാംഗമായ മോയ്റ സ്മിത്തിനായി ക്ലാരന്‍സ് ഹൗസിലെ വസതിയിലേക്ക് കൊടുത്തയച്ച കേക്കിന്റെ ഭാഗമാണ് ലേലത്തിനെത്തുന്നത്.
സ്മിത്ത് ആ കേക്ക് കഷണത്തെ 'സൂക്ഷിച്ച് കൈകാര്യം ചെയ്യുക-ചാള്‍സ് രാജകുമാരന്റേയും ഡയാന രാജകുമാരിയുടേയും വിവാഹകേക്ക്' എന്ന കുറിപ്പെഴുതി തന്റെ കയ്യൊപ്പോടെ ഒട്ടിച്ച് ഒരു ടിന്നില്‍ സൂക്ഷിച്ചു വെച്ചു. 29/7/81 എന്ന തീയതിയും അതില്‍ കുറിച്ചിരുന്നു. 2008 ല്‍ മറ്റൊരാള്‍ക്ക് കേക്ക് വിറ്റിരുന്നെങ്കിലും അത് വീണ്ടുമിപ്പോള്‍ ലേലത്തിനെത്തിച്ചിരിക്കുകയാണ്. 300 മുതല്‍ 500 പൗണ്ട്(31,000-51,000 രൂപ)വരെ കേക്കിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇത്രയും കൊല്ലത്തിന് ശേഷവും കേക്കിന് കാഴ്ചയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലേലത്തിന്റെ സംഘാടകരായ ഡൊമിനിക് വിന്റര്‍ ഓക്ഷനിയേഴ്സ് പറഞ്ഞു. പക്ഷെ കേക്ക് കഴിക്കരുതെന്നാണ് തങ്ങളുടെ ഉപദേശമെന്നും മുഖ്യ സംഘാടകനായ ക്രിസ് ആല്‍ബറി അറിയിച്ചു.






