
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന അനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കിടക്കുമ്പോഴാണ് പാര്‍ലമെന്റില്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസെന്ന് പാര്‍ലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പ്രതിപക്ഷത്തിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമായി പോയെന്നും ഒട്ടും ഗൗരവമല്ലാത്ത വിഷയമാണ് പെഗസാസെന്നും ജോഷി പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്രം കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല. കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവ് ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രസ്താവന പാര്‍ലമെന്റിന്റെ ഇരു സഭകളിലും നല്‍കിയിട്ടുണ്ട്.
ഈ പ്രതിഷേധങ്ങള്‍ ഒരു കാര്യവുമില്ലാത്തതാണെന്നും ഗൗരവതരമല്ലാത്തത് ആണെന്നും പാര്‍ലമെന്റ് നടക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട അനേകം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കിടക്കുമ്പോള്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തിയുള്ള ഇത്തരം പെരുമാറ്റം നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.
പാര്‍ലമെന്റില്‍ അധികം ചര്‍ച്ചയൊന്നും കൂടാതെ ഏതാനും ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയിരുന്നു. ഇതും ജൂലൈ 19 ന് തുടങ്ങിയ മണ്‍സൂണ്‍ സെഷനില്‍ പ്രതിഷേധത്തിന് കാരണമായി. വെള്ളിയാഴ്ച ചേര്‍ന്ന സഭയില്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി ചില വിഷയങ്ങള്‍ ഉയര്‍ത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ചോദ്യോത്തരവേയില് പ്രതിപക്ഷ അംഗങ്ങള്‍ പെഗാസസ് അടക്കമുള്ള ഏതാനും വിഷയത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തേ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അറിയിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തും നല്കി. അവസനാ നിമിഷം സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
പെഗസസ് വിഷയത്തില്‍ ഐ.ടി. പാനല്‍ യോഗം കൂടാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ ഐ.ടി., ആഭ്യന്തരം, വാര്‍ത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് യോഗത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹാജരാവാന്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ജൂലൈ 28 മൂന്ന് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം തുടങ്ങുന്നതിന് മുമ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരു യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജൂലൈ 20നു തന്നെ യോഗ വിവരം വകുപ്പ് മേധാവികളെ അറിയിച്ചിരുന്നതിനാല്‍ ഇവരുടെ ഇറങ്ങിപ്പോക്ക് ഗുഢാലോചനയാണെന്നാണ് തരൂര്‍ കത്തില്‍ പറയുന്നത്.






