
കോഴിക്കോട് : സി.പി.എമ്മും സി.പി.ഐയും കണ്ണുരുട്ടിയതോടെ അനുരഞ്ജനത്തിന് തയ്യാറായി ഐ.എന്‍.എല്ലിലെ വഹാബ് വിഭാഗം. കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള ഇടത് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വഹാബ് പക്ഷത്തിന്റെ നിലപാട് മാറ്റം. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും പുറത്താക്കിയ വഹാബ് പക്ഷക്കാര്‍ എല്ലാം പുറത്ത് തന്നെയെന്ന് ആവര്‍ത്തിച്ച് കാസിം ഇരിക്കൂര്‍ പക്ഷം നിലപാട് കടുപ്പിച്ചു. കോഴിക്കോട് പാളയത്തെ ഐ.എന്‍.എല്‍.സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറുന്നതിനും യോഗം നടത്തുന്നതിനും വഹാബ് പക്ഷ നേതാക്കളെ വിലക്കി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നിന്ന് ഉത്തരവ് നേടിയതായി കാസിം പക്ഷ നേതാക്കള്‍ അറിയിച്ചു. അനുരഞ്ജനത്തിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് നടത്താനിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം വഹാബ് പക്ഷം മാറ്റിവച്ചു.
ഇടതുമുന്നണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഐ.എന്‍.എല്‍ ഇരുവിഭാഗങ്ങളും ശക്തിതെളിയിച്ച് രംഗത്തിറങ്ങിയതോടെ പോര് കനത്തു. ജില്ലാ തലങ്ങളില്‍ യോഗം നടത്തി പിന്തുണ ഉറപ്പാക്കിയാണ് ഇരുപക്ഷവും മുന്നേറുന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കോടിയേരി ബാലകൃഷ്ണന് എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലുമായും വഹാബ് ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് നടത്താനിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റാന്‍ തീരുമാനമായത്.
കൊച്ചിയില്‍നടന്ന ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അടിച്ച് പിരിയുകയും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഇരു വിഭാഗങ്ങളായി പാര്‍ട്ടി പിളരുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ഘടകങ്ങളുടെ പിന്തുണ തേടി ഇരുപക്ഷവും രംഗത്തിറങ്ങിയത്. മലബാര്‍ മേഖലകളിലെ ജില്ലാ കമ്മിറ്റികളില്‍ വഹാബ് പക്ഷത്തിനാണ് മേല്‍ക്കൈ. എന്നാല്‍ ദേശീയ പ്രസിഡന്റിന്റെ പിന്തുണയോടെ പാര്‍ട്ടി ഘടകത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ നീക്കം. തങ്ങള്‍ക്കൊപ്പമുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇരുപക്ഷത്തിന്റേയും പദ്ധതി. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തുന്നതില്‍ നിന്ന് വഹാബ് പക്ഷത്തെ വിലക്കി കാസിം ഇരിക്കൂര്‍ വിഭാഗം കോടതി ഉത്തരവ് നേടിയത്. മൂന്നിന് കോഴിക്കോട് നടക്കാനിരുന്ന സംസ്ഥാന കൗണ്‍സി യോഗത്തോടെ രണ്ടിലൊന്നറിയാമെന്ന നിലപാടായിരുന്നു വഹാബ് പക്ഷം സ്വീകരിച്ചതെങ്കിലും ഇടത് മുന്നണി നേതാക്കള്‍ കണ്ണുരുട്ടിയതോടെ അയയ്കയായിരുന്നു. സമീപകാലത്തായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ ഒന്നിച്ച് നിര്‍ത്താനും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുമാണ് വഹാബ് പക്ഷത്തിന്റെ നീക്കം.
അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിനാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രസിഡന്റ് ഒഴികെ മറ്റെല്ലാ അഖിലേന്ത്യാ ഭാരവാഹികളും കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ അഖിലേന്ത്യാ നേതൃത്വത്തിന് പ്രസക്തിയില്ലെന്ന നിലപാടാണ് വഹാബ് പക്ഷത്തിന്റേത്. മുഹമ്മദ് സുലൈമാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട എന്‍.ജി.ഒയുടെ ഭാരവാഹിയാണെന്നും എല്‍.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുമായി യോജിച്ചുപോകുന്ന നേതാവല്ലെന്നും വഹാബ് പക്ഷം ചൂണ്ടികാട്ടുന്നു. അതേസമയം, അബ്ദുള്‍ വഹാബിന്റെ മുന്‍ സിമി ബന്ധം ചൂണ്ടികാണിച്ചാണ് കാസിം ഇരിക്കൂര്‍ വിഭാഗം തിരിച്ചടിക്കുന്നത്. ഈ രണ്ട് ആരോപണങ്ങളും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. ഇക്കാര്യങ്ങളത്രയും സി.പി.എം. സജീവമായി ചര്‍ച്ചചെയ്ത ശേഷം മാത്രമാകും ഏത് വിഭാഗത്തെ എല്‍.ഡി.എഫ്. യോഗത്തിലേക്ക് ക്ഷണിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.
തര്‍ക്കത്തിന്റെ ആദ്യഘട്ടത്തില്‍ അഖിലേന്ത്യാ നേതൃത്വത്തിനൊപ്പമെന്ന് അറിയിച്ച മന്ത്രിയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ് ദേവര്‍ കോവില്‍ പിന്നീട് പരസ്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാസിം ഇരിക്കൂര്‍ വിഭാഗവുമായി അടുപ്പമുള്ള മന്ത്രിയേയും സംസ്ഥാന കൗണ്‍സില്‍ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
അഹമ്മദ് ദേവര്‍ കോവില്‍ യോഗത്തിനെത്തിയില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കാനായിരുന്നു വഹാബ് വിഭാഗം ആലോചിച്ചിരുന്നത്. ഇതിന് മുന്നോടിയായാണ് വഹാബ് പക്ഷം കാനം രാജേന്ദ്രനും എ. വിജയരാഘവനുമായും ചര്‍ച്ച നടത്തിയത്.
കാസിം ഇരിക്കൂര്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നേടി യഥാര്‍ത്ഥ ഐ.എന്‍.എല്‍. തങ്ങളുടേതാണെന്ന് ചിത്രീകരിക്കാനാണ് വഹാബ് വിഭാഗം പദ്ധതിയിടുന്നത്.
എന്നാല്‍ മന്ത്രിയെ പുറത്താക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ പ്രയാസകമാകുമെന്നും ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഇടത് നേതാക്കള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് വഹാബ് പക്ഷം അനുരഞ്ജനത്തിന്റെ പാതയിലേക്ക് പിന്മാറിയത്.
ജിനേഷ് പൂനത്ത്






