
പിറവം: ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബർ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വീട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ സ്മിജക്ക് 51 ലക്ഷം രൂപ സമ്മാനം. പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേർന്നാണ് കമ്മിഷൻ തുകയ്ക്കുളള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്.
പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ആറു കോടിയുടെ സമ്മർ ബംബർ ടിക്കറ്റുകൾ സ്മിജ വാങ്ങി വിറ്റത്. ഇത് സൈനയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മിതയുടെ കയ്യിൽ ബാക്കി വന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വാങ്ങിക്കാൻ ഫോണിലൂടെ സ്മിജ ആവശ്യപ്പെടുകയായിരുന്നു. പൂന്തോട്ടം പണിക്കാരനാണ് ഇദ്ദേഹം.
പിന്നീടാണ് ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞത്. അപ്പോൾ തന്നെ സ്മിജ ഭർത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. തുടർന്ന് ശശിബാലനും ഭാര്യ സൈനയ്ക്കും കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിഞ്ഞുള്ള 51 ലക്ഷം രൂപ സ്മിജയ്ക്ക് കൈമാറുകയായിരുന്നു.






