
തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ. നൽകിയതെന്ന് സംശയം. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെൻട്രൽ ഐ.ബി. റിപ്പോർട്ട് ചെയ്തിരുന്നു.
പിടിയിലായ ഇയാൾ ബെംഗളൂരുവിൽ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ
പിടിച്ചെടുത്തിരുന്നു. കൂടാതെ, ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്‌മെന്റ് കൺട്രോൾ ഓഫീസിലേക്കും പ്രിൻസിപ്പൽ ഡിഫൻസ് കംപ്ട്രോളർ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിൽനിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസർമാരെ വിളിച്ചിരുന്നത്. കിഴക്കൻ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്പിലേക്ക് വന്ന അജ്ഞാത ഫോൺവിളി ബെംഗളൂരുവിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മിലിറ്ററി ഇന്റലിജൻസ് ദക്ഷിണേന്ത്യൻ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.





