
ബീകാനീര്‍: കാളയുടെ ആക്രമണത്തെ തുടര്‍ന്ന് മുഖം തകര്‍ന്നുപോയ ആള്‍ക്ക് മാസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയില്‍ പുതിയമുഖം. രാജസ്ഥാനിലെ ബിക്കാനീറില്‍ 38 കാരന് കര്‍നീ ബിഷ്ണോയിക്കാണ് പുതിയ മുഖം കിട്ടിയത്. 2020 സെപ്തംബറില്‍ കാളയുടെ ആക്രമണത്തില്‍ ബിഷ്ണോയിയുടെ മുഖത്തിന്റെ ഇടതുവശം പൂര്‍ണ്ണമായും തകര്‍ന്നു പോയിരുന്നു. പിന്നീട് മുഖത്തിന്റെ രൂപം മാറ്റിയെടുക്കാന്‍ അനേകം ശസ്ത്രക്രിയകള്‍ വേണ്ടി വന്നു.
ബിക്കാനീറില്‍ എഫ്എംസിജി കമ്പനിയില്‍ ഓപ്പറേറ്റിംഗ് ഹെഡ്ഡായി ജോലി നോക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബിഷ്ണോയി യാത്രാമദ്ധ്യേ വഴിയിലൂടെ വന്ന കന്നുകാലി കൂട്ടം കടന്നുപോകുന്നതിനായി വഴിയോരത്ത് വാഹനം പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു കാള കാറിനുള്ളില്‍ ഇരുന്ന ബിഷ്ണോയിയെ ആക്രമിക്കുകയും മുഖത്ത് കൊമ്പുകൊണ്ടു കുത്തുകയുമായിരുന്നു.
ആക്രമണത്തില്‍ ബിഷ്ണോയിയുടെ വലതുകണ്ണ് നഷ്ടമായി. മുഖത്തിന്െ വലതുഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു. മുഖത്തിനൊപ്പം മൂക്ക്, ചുണ്ടുകള്‍, തലയോട്ടിയും എല്ലാം കീറിമുറിച്ചു. കാറില്‍ നിന്നും ബിഷ്ണോയിയെ വലിച്ചു പുറത്തേക്ക് ഇട്ട കാള ജീവന് മാത്രം ബാക്കി വെച്ചായിരുന്നു കടന്നു പോയത്. കൂട്ടത്തില്‍ കാറിലുണ്ടായിരുന്ന സുഹൃത്തിന് പക്ഷേ ഒന്നും സംഭവിച്ചില്ല. ഇയാളും ഇരയുടെ സഹോദരിയും ചേര്‍ന്നാണ് ബിഷ്ണോയിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
ഇവര്‍ ആദ്യം കൊണ്ടുപോയത് ബീകാനീറിലെ ഒരു ചെറിയ ആശുപത്രിയിലായിരുന്നു. ഇവര്‍ രക്തം വാര്‍ന്ന മുഖം പൊതിഞ്ഞു കെട്ടി ഏതെങ്കിലും വിദഗ്ദ്ധ ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു വിട്ടു. സാകേത് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ സര്ജന്മാര് വരെ ഞെട്ടിപ്പോയി. കടുത്ത മുറിവുകള്‍ ഉണ്ടായിട്ടും ബിഷ്ണോയി അതിനെ അതിജീവിച്ചു. ന്യൂറോ സര്ജന്മാരുടെയും പ്ലാസ്റ്റിക്ക് സര്‍ജറി വിദഗദ്ധന്മാരും സ്ഥലത്തെത്തി. കോവിഡ് 19 പ്രോട്ടോകോള്‍ നില നിന്നിരുന്നതിനാല്‍ എല്ലാവരും പിപിഇ കിറ്റ് ഇട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പത്തു മണിക്കൂറോളം ഇത് നീണ്ടു നിന്നു. എല്ലുകളും മാംസങ്ങളും മൂക്കിന്റെ ഒരു ഭാഗം വരെ മുറിച്ചുമാറ്റി. എല്ലാം കഴിഞ്ഞ് ബിഷ്ണോയി പൂര്‍ണ്ണമായും സുഖപ്പെട്ടതോടെ അടുത്തയാഴ്ച മുതല്‍ തന്റെ പുതിയ മുഖവുമായി ജോലി ചെയ്യാനൊരുങ്ങുകയാണ്.
മുഖം പുന:സൃഷ്ടിക്കലുമായി ബന്ധപ്പെട്ട രണ്ടാമത്തെ സര്‍ജറി നടന്നത് നാലു മാസത്തിന് ശേഷമായിരുന്നു. മുഖത്തിന്റെ വലതുഭാഗം നിശ്ചലമായി പോയി. വലതുപേശികള് ചലിക്കാതായതോടെ ബിഷ്ണോയിയുടെ ചിരി പോലും നഷ്ടമായി. വലതുവശത്തെ പുരികവും പ്രവര്‍ത്തിക്കാത്ത നിലയില്‍ ആയിരുന്നു. എന്നാല്‍ എല്ലാം പതിയെ ശരിയാകുകയാണ്. ഇനി ഏതാനും കാര്യങ്ങള്‍ കൂടിയുണ്ട്. കൃത്രിമ കണ്ണും വടുക്കള്‍ പരിഹരിക്കലും അടുത്ത മാസം ഉണ്ടാകുമെന്നാണ് കരുതുന്നത്.






