
തിരുവനന്തപുരം: റേഷന്‍ കടയില്‍ നിന്നും മികച്ച ഭക്ഷ്യവസ്തുക്കളാണ് ലഭിക്കുന്നതെന്ന് സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്കിയ നടന് മണിയന്‍പിള്ള രാജുവിന് വീട്ടില്‍ കൊണ്ടുപോയി ഓണക്കിറ്റ് നല്കി മന്ത്രി ജി. ആര്. അനില്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മന്ത്രിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ജൂലൈ 31 മുതല്‍ മഞ്ഞക്കാര്ഡു കാര്‍ക്ക് വിതരണം തുടങ്ങിയ ഓണക്കിറ്റ് വെള്ളക്കാര്‍ഡ് കാരനായ മണിയന്‍പിള്ള രാജുവിന് നല്കിയതും സാധാരണ ജനങ്ങള്‍ ക്യൂ നിന്നും വിരലടയാളം പതിപ്പിച്ചും വാങ്ങുന്ന റേഷന്‍ ഇതൊന്നുമില്ലാതെ മന്ത്രി തന്നെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തതുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയാണ്.
മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് നല്കുന്ന ചിത്രങ്ങള്‍ മന്ത്രി തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. പിന്നാലെ വിമര്‍ശനവും എത്തി. റേഷന്‍ കട വഴി മാത്രം വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റ് ഭക്ഷ്യവകുപ്പ് മന്ത്രി നടന്റെ വീട്ടില്‍ കൊണ്ടുപോയി നല്‍കിയത് എന്തിനാണെന്നാണ് വിവിധ കോണുകളില്‍ നിന്നും ആദ്യം ഉയര്‍ന്നിരിക്കുന്ന ചോദ്യം. കിടപ്പുരോഗികള്‍ പോലും രേഖാമൂലം മറ്റൊരാളെ കിറ്റ് വാങ്ങാനായി നിയോഗിക്കണമെന്ന വ്യവസ്ഥയുണ്ടായിരിക്കേ അതിനു വിരുദ്ധമായി മന്ത്രി തന്നെ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറയുന്നു. റേഷന്‍ കടയിലെ ഇംപോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച്, കാര്‍ഡിലെ വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം നല്കി വന്നിരുന്ന കിറ്റ് വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടനുവേണ്ടി മന്ത്രി തന്നെ ലംഘിച്ചതായും വിമര്‍ശനമുണ്ട്.
മുന്‍ഗണന ഇതര വിഭാഗത്തില്‍ പെടുന്ന, സബ്സിഡിയില്ലാത്ത വെള്ള കാര്‍ഡാണ് മണിയന്‍പിള്ള രാജുവിന്റേതെന്നും ആഗസ്റ്റ് 13 മുതലാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യുക എന്നത് പോലും പരിഗണിച്ചില്ലെന്നും പറയുന്നു. അതേസമയം, സെലിബ്രിറ്റി എന്ന നിലയിലാണ് തന്റെ വീട്ടിലേക്ക് മന്ത്രി വന്നതെന്നും അടുത്ത ദിവസം തന്നെ ഇംപോസ് മെഷീനില്‍ പോയി വിരല്‍ പതിപ്പിക്കുമെന്നും മണിയന്‍പിള്ള രാജുവിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മികച്ചതാണെന്ന് രാജു പറഞ്ഞിരുന്നു. കടയില്‍ പോകുന്നതിന്റെയും ഭക്ഷണം നല്ലതാണെന്ന് പറയുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.






