
ന്യൂഡല്‍ഹി: കോവിഡ് മരണസംഖ്യ കുറച്ച് കാണിക്കുന്നുവെന്നുളള റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. . കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതില്‍ ചില പോരായ്മകള്‍ വന്നിരിക്കാം. എന്നാല്‍ കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മരണങ്ങളുടെ കണക്ക് ചില സംസ്ഥാനങ്ങള്‍ മറച്ച് വെയ്ക്കുന്നതായുളള ചില മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ പ്രതികരണം. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം മൂര്‍ധന്യത്തില്‍ എത്തിയ ഘട്ടത്തില്‍ ആരോഗ്യമേഖല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ചികിത്സാ സഹായം വേണ്ട കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ആയിരുന്നു. അതിനാല്‍ ചില കൊവിഡ് മരണങ്ങള് ആ സമയത്ത് റെക്കോര്‍ഡ് ചെയ്യുന്നതില്‍ കാലതാമസം വന്നിരിക്കാം. എന്നാല്‍ ഇത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പിന്നീട് പരിഹരിച്ചതാണ് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആശുപത്രികളില്‍ കോവിഡ് മരണങ്ങള് സംബന്ധിച്ച് കൃത്യമായ ഓഡിറ്റ് നടത്താനും ജില്ലയും തിയ്യതിയും തിരിച്ച് വിട്ട് പോയ മരണങ്ങള് ഉണ്ടെങ്കില്‍ അവ രേഖപ്പെടുത്താനുമുളള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.






