
കൊച്ചി : കേരളത്തിലേക്ക് ബിഹാറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി തോക്ക് എത്തുന്നതായി കണ്ടെത്തൽ. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ഈ ബിഹാർ കണക്ഷൻ കണ്ടെത്തൽ.
ഗുണ്ടാ സംഘങ്ങൾക്കും റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമെല്ലാം ബിഹാറിൽ നിന്ന് തോക്കെത്തുന്നതായാണ് വിവരം.
ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികൾ വഴിയാണ് കൂടുതലായി എത്തുന്നത്. തോക്ക് വിവിധ കഷ്ണങ്ങളാക്കിയാണ് കൊണ്ടുവരുന്നത് എന്നതിനാൽ ഇവ പിടിക്കുക പ്രയാസവും.
ബിഹാറിൽ ചിലർ ഇതിന് ഇടനിലക്കാരായും പ്രവർത്തിക്കുന്നുണ്ട്. തോക്ക് നേരിട്ടു വാങ്ങാൻ ബിഹാറിലെത്തിയാൽ വെടിവെപ്പ് പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാൽ തുകയും കുറയും.
എന്നാൽ, ചുമ്മാ ചെന്നാൽ തോക്ക് കിട്ടില്ല. ആയുധ വ്യാപാര സംഘങ്ങളുമായി അടുപ്പമുള്ള ഏതെങ്കിലും ബിഹാർ സ്വദേശിയുടെ ശുപാർശയും വേണം. വെടിവെപ്പ് പരിശീലനത്തിനൊപ്പം തോക്ക് കഷ്ണങ്ങളാക്കാനും പിന്നീട് ഒന്നിച്ചു ചേർക്കാനുമുള്ള വിദ്യകളും പഠിപ്പിക്കും.
മാനസയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് തോക്ക് വാങ്ങാൻ ബിഹാറിലെ മുംഗേറിലെത്തിയ രാഖിലിനും ഇത്തരത്തിൽ പരിശീലനം ലഭിച്ചിരുന്നു. രാഖിലും തോക്ക് കഷ്ണങ്ങളാക്കിയാണ് കൊണ്ടുവന്നതെന്നാണ് വിവരം.
കേരളത്തിൽ മുമ്പ് കൂടുതൽ തോക്കെത്തിയിരുന്നത് മംഗലാപുരം, ഗോവ, മുംബൈ ബെൽറ്റ് വഴിയായിരുന്നു.






