
കൊച്ചി: നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളും, ധനസഹായവും പ്രഖ്യാപിച്ച രൂപതകള്‍ക്ക് പിന്തുണയുമായി കെസിബിസി. നിലനില്പ് തന്നെ അപകടത്തിലാകും വിധം ജനനനിരക്ക് ക്രൈസ്തവര്‍ക്കിടയില്‍ കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് നിലപാട്.
കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായ ക്രൈസ്തവര്‍ 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതിയുമായി അതിരൂപതകള്‍ മുന്നോട്ട് വന്നതെന്നാണ് കെസിബിസി വിശദീകരിക്കുന്നത്.
രണ്ടായിരത്തിന് ശേഷം വിവാഹിതരായ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 1500 രൂപ, അഞ്ചാമത്തെ കുട്ടിയ്ക്ക് സ്കോഷര്‍ഷിപ്പോടെ രൂപതയുടെ കോളേജില്‍ എഞ്ചിനിയറിംഗ് പഠനം, കുടുംബത്തിലുള്ളവര്‍ക്ക് ജോലി എന്നിവയായിരുന്നു പാല രൂപത പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. നാലില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ 2000 രൂപ പ്രതിമാസം നല്‍കുമെന്നായിരുന്നു സിറോ മലങ്കരസഭയുടെ പത്തനംതിട്ട രൂപതയുടെ പ്രഖ്യാപനം.






