
തിരുവനന്തപുരം : വടക്കന്‍ കേരളത്തിലെ ഒരു സ്ഥാപനം ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സി.യു.ജി) സ്കീമില്‍ ഉപയോഗിച്ചിരുന്ന 299 സിം കാര്‍ഡുകള്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തിയതിനു ശേഷവും രാജ്യത്തു വിവിധയിടങ്ങളില്‍ സജീവം. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്‍ഡുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാക്കി.
ഇവ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ബി.എസ്.എന്‍.എല്‍. അടക്കമുള്ള ടെലികോം സേവനദാതാക്കളില്‍നിന്നു പോലീസ് ശേഖരിച്ചു. ആയിരക്കണക്കിനു ഫോണ്‍ കോളുകളാണ് ഈ നമ്പറുകള്‍ ഉപയോഗിച്ചു നടത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണം തുടക്കത്തില്‍ത്തന്നെ പോലീസ് നിര്ജീവമാക്കിയെങ്കിലും മറ്റ് കാര്‍ഡുകളില്‍നിന്നു തുടര്‍ന്നും കോളുകള്‍ പോകുകയും വരികയും ചെയ്യുന്നുണ്ടെന്നു കണ്ടെത്തി.
അനധികൃത സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന തീവ്രവാദ ശൃംഖല അടുത്തിടെ ബംഗളുരുവില്‍ കണ്ടെത്തിയിരുന്നു. സ്ലീപ്പിങ് സെല്ലുകളുടെ കൈവശമെത്തിയ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കണ്ണികള്‍ കേരളത്തിലുമുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവയ്ക്കു കോഴിക്കോട്ടടക്കം കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംഘങ്ങളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത അന്വേഷിക്കുന്നുണ്ട്. അനധികൃത സിമ്മുകള്‍ ഉപയോഗിച്ച് സമാന്തര എക്സ്ചേഞ്ചുകള്‍ വഴി വിളിക്കുന്ന ഫോണ്‍കോളുകള്‍ ആര്‍ക്കും കണ്ടുപിടിക്കാനാകില്ലെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്, മലപ്പുറം, കൊരട്ടി, കൊച്ചി, ഡല്‍ഹി, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലീസ് സംവിധാനങ്ങളും പങ്കുവച്ചിട്ടുണ്ട്. തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടക്കുകയാണ്. ഒരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഒരു സ്ഥാപനം എടുക്കുന്ന ഒന്നിലധികം സിം കാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് സി.യു.ജി.
എസ്. നാരായണ്‍






