
തിരുവനന്തപുരം : ഇനിയും രോഗം വരാത്ത 50 ശതമാനം പേര് കേരളത്തിലുണ്ടെന്നും അതുകൊണ്ട് ഓണാഘോഷം മലയാളികള്‍ വീടിനുള്ളില്‍ ആക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് തിരക്ക് കൂടുന്നതിനാല്‍ കേസുകള്‍ കുത്തനെ കൂടുമെന്ന കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടേയും മുന്നറിയിപ്പ്. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പിഴച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് 20–ാം തീയതിയാകുമ്പോഴേക്കും ആകെ 4.6 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
രോഗവ്യാപനത്തിന് കാരണമായത് ഹോം ഐസലേഷൻ നടപ്പാക്കുന്നതിലും പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നും കേന്ദ്രസംഘം വിലയിരുത്തി.






