
തൊടുപുഴ: ഇടുക്കിയിലെ 25 ഷാപ്പുകള്‍ക്കെതിരേ വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് ചേര്‍ത്ത് വില്‍പ്പന നടത്തി എന്ന ആരോപണത്തില്‍ കേസെടുത്തു. പരിശോധനാ ഫലം അനുസരിച്ച ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 34 കേസുകളില്‍ 67 പേർക്കെതിരെ നടപടി ഉണ്ടാകും. തൊടുപുഴ റേഞ്ചിലെ 25 കള്ളുഷാപ്പുകളില്‍ നിന്ന് ശേഖരിച്ച തെങ്ങിന് കള്ളിൽ കാനാബിനോയിഡ് എന്ന രാസപദാർഥം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ.
പാലക്കാട് ജില്ലയില്‍ നിന്ന് എത്തിക്കുന്ന കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കാക്കനാട് സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ എക്സൈസ് കേസെടുത്തു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് എക്സൈസ് ഇടുക്കി ജില്ലയിലെ കള്ളുഷാപ്പുകളിൽ നിന്ന് കള്ളിന്റെ സാമ്പിൾ ശേഖരിച്ചത്.
ഷാപ്പുകളുടെ ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയേക്കും. കഞ്ചാവ് കലർത്തിയ കള്ള് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കും.






