
ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65)യാണ് മരിച്ചത്.
ഭാര്യ സുഹറ (56)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് അലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാത്ത്റൂമിൽ തലയടിച്ചു വീണ് പരിക്കേറ്റിട്ടാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്. വെള്ളാങ്ങല്ലൂർ പാലിയേറ്റീവ് കെയർ ട്രഷറർ കൂടിയാണ് അലി. സംഭവദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽനിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞു.
ചവർകൂനയ്ക്കിടയിൽ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പോലീസിന് കാണിച്ചുകൊടുത്തു. കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു.






