
ഇടുക്കി; ഓണച്ചെലവിന് ഏലക്കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് നടത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് നല്കിയ തായി വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രന് അറിയിച്ചു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന് വി ചെറിയാന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ. രാജൂ എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു.
തിരിച്ചറിയാതിരിക്കാന്‍ മഫ്തിയില്‍ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് പണം ചോദിക്കുന്നത്. നല്കിയിലെങ്കില് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടി.
മുന്‍പും സമാനമായ പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന് ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു






