
കൊളംബോ: സച്ചിനെതിരേ പന്തെറിയുന്നതിനേക്കാളും പേടിച്ചത് സെവാഗിനെതിരേ എറിയാനെന്ന് ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം മുത്തയ്യാ മുരളീധരന്. ഫോമിലായാല്‍ സച്ചിനേക്കാള്‍ അപകടകാരി സെവാഗ് ആയിരുന്നു എന്നും അദ്ദേഹം ബൗളര്‍മാരെ നോക്കാതെ തന്നെ ആക്രമിക്കുമായരുന്നു എന്നും ഇഎസ് പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സെവാഗിനും വിന്‍ഡീസ് ഇതിഹാസം ബ്രയാന്ലാറയ്ക്കും എതിരേ പന്തെറിയാനായിരുന്നു പേടിച്ചിരുന്നത്. സച്ചിന് അത്ര ഉപദ്രവിച്ചിട്ടില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ രണ്ടും ഇങ്ങിനെയയിരുന്നില്ല എന്നും പറഞ്ഞു. സെവാഗിനെതിരേ പന്തെറിയാന്‍ എല്ലാവരും ഭയന്നിരുന്നു. സച്ചിന് കാര്യമായി തന്നെ ഉപദ്രവിച്ചിരുന്നില്ലെങ്കിലും സച്ചിനെ പുറത്താക്കാന്‍ പ്രയാസമായിരുന്നു എന്നും മുത്തയ്യ പറഞ്ഞു.
‘കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവര്‍ക്ക് എതിരെയാണ്. ഇതിഹാസമാണെങ്കിലും സച്ചിന് ടെന്‍ഡുല്‍ക്കറിനെതിരെ ബൗള്‍ ചെയ്യാന്‍ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം ഒരിക്കലും വീരേന്ദര്‍ സേവാഗിനേപ്പോലെ നോവിച്ചിട്ടില്ല,’ മുരളീധരന് പറഞ്ഞു. സെവാഗിന് ഏത് സാഹചര്യത്തിലും അതിവേഗം സ്കോര്‍ ചെയ്യാനാകും. ബൗളര്‍മാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കില്‍ യാതൊരു വെല്ലിവിളിയും ഉണ്ടാകില്ലെന്ന് സെവാഗിന് ആത്മവിശ്വാസം കൂടും.
ടെസ്റ്റിലാണെങ്കിലും രണ്ട് മണിക്കൂര്‍ ക്രീസില്‍നിന്നാല്‍ 150 റണ്‍സെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സെവാഗിന്റേത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണത്തിനു മുന്‍പ് പുറത്തായാലും സെവാഗ് 150 റണ്‍സെങ്കിലും അടിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള മുത്തയ്യ മുരളീധരന്. 133 ടെസ്റ്റുകളില്‍നിന്ന് 800 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 350 ഏകദിനങ്ങളില്‍നിന്ന് 534 വിക്കറ്റുകളും നേടി.






