മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റ് ടീം മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പരുക്ക് ഗുരുതരമെന്നു സൂചന. ആര്‍.സി.ബിക്കെതിരേ ഞായറാഴ്‌ച നടന്ന മത്സരത്തിനിടെ രോഹിത് പിന്‍തുട പേശിക്കു പരുക്കേറ്റു പിന്മാറിയിരുന്നു.
മത്സരത്തില്‍ ആര്‍.സി.ബി. 18 റണ്ണിനു ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത് ആര്‍.സി.ബി. നാലു വിക്കറ്റിന് 240 റണ്ണടിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ മുംബൈയുടെ വെല്ലുവിളി അഞ്ചിന് 222 റണ്ണില്‍ അവസാനിച്ചു. ഇംപാക്‌ട് പ്ലെയറായെത്തിയ ഷെര്‍ഫെയ്‌ന്‍ റഥര്‍ഫോഡ് 31 പന്തില്‍ ഒന്‍പത് സിക്‌സറും ഒരുഫോറും ഉള്‍പ്പെടെ 71 റണ്ണുമായി ടോപ് സ്‌കോററായി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 40), റയാന്‍ റിക്കിള്‍ട്ടണ്‍ (37), സൂര്യകുമാര്‍ യാദവ് (33) എന്നിവര്‍ പൊരുതി. രോഹിത് ശര്‍മ പരുക്ക് വഷളായി റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയത് മുംബൈയുടെ റണ്‍ ചേസിനെ ബാധിച്ചു.
13 പന്തില്‍ 19 റണ്ണെടുത്തു നില്‍ക്കേ ആറാം ഓവറിലാണു രോഹിത് മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഫിസിയോയുടെ സഹായം തേടിയ ശേഷമാണു രോഹിത് രസിഖ് സലാമിന്റെ ഓവര്‍ നേരിടാനൊരുങ്ങിയത്. രണ്ടാമത്തെ പന്ത് നേരിട്ടതിനു പിന്നാലെ വേദന സഹിക്കാതെ താരം മടങ്ങി. രോഹിതിന് വിശദമായ എം.ആര്‍.ഐ. സ്‌കാനിങ് നടത്തിയെന്നു മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ വ്യക്‌തമാക്കി. ആര്‍.സി.ബിയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയും പരുക്കിന്റെ പിടിയിലാണ്. 38 പന്തില്‍ 50 റണ്ണെടുത്ത കോഹ്ലി ഫീല്‍ഡിങിന് ഇറങ്ങിയില്ല. കോഹ്ലിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആര്‍.സി.ബി. വ്യക്‌തമാക്കി.




