
ഐപിഎല്ലിലെ വിസ്മയമായി മാറിയ കൗമാരതാരം വൈഭവ് സൂര്യവംശി വൈകാതെ തന്നെ ഇന്ത്യന്‍ കുപ്പായമണിഞ്ഞേക്കുമെന്ന് സൂചനകള്‍. വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വൈഭവിനെ പരിഗണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് വൈഭവ് മറികടക്കുമെന്നാണ് സൂചന.
ഇതോടെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിന് സ്വന്തമാകും. നിലവില്‍ 15 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഐപിഎല്ലില്‍ ലോകോത്തര ബോളര്‍മാരെ വരെ നിഷ്പ്രഭമാക്കി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. പയ്യനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് സമ്മര്‍ദ്ദമേറുകയാണ്.
ആര്‍സിബിക്കെതിരെ 26 പന്തില്‍ 78 റണ്‍സ്, സിഎസ്‌കെയ്ക്കെതിരെ 17 പന്തില്‍ 52 റണ്‍സ്, മുംബൈ ഇന്ത്യന്‍സിനെതിരെ 14 പന്തില്‍ 39 റണ്‍സ്. ലോകോത്തര ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ കരുത്തരായ ബോളര്‍മാരെ ഒരു ഭയവുമില്ലാതെ നേരിടുന്നത് കണ്ട് മുന്‍ താരങ്ങളും ആരാധകരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. സീസണിലെ സ്ഥിരത നിലനിര്‍ത്തുകയാണെങ്കില്‍ ജൂണിലെ അയര്‍ലന്‍ഡ് പരമ്പരയ്ക്കും തുടര്‍ന്ന് സിംബാബ്വെ പര്യടനത്തിനും വൈഭവിനെ ടീമിലെടുത്തേക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍, കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ താരത്തിന് തിരിച്ചടിയേറ്റു. പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടി വന്ന വൈഭവ്, തികഞ്ഞ നിരാശയോടെയാണ് ക്രീസ് വിട്ടത്. എങ്കിലും ആ ഒരു പരാജയം താരത്തിന്റെ ഭാവിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമലും മൂന്‍താരം ഇര്‍ഫാന്‍ പത്താനും നേരത്തേ വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വൈഭവിന്റെ പ്രകടനം അവിശ്വസനീയമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.






