ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റ് ടീം രാജസ്‌ഥാന്‍ റോയല്‍സിന്റെ മാനേജര്‍ റോമി ഭിണ്ടര്‍ വിവാദത്തില്‍. കളിക്കാര്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും മാത്രം അനുവദിച്ചിട്ടുള്ള ഡഗ്‌ഔട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണു റോമി വിവാദ നായകനായത്.
രാജസ്‌ഥാനും ആര്‍.സി.ബിയും തമ്മില്‍ ഗുവാഹാത്തിയിലെ ബര്‍സാപാര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണു സംഭവം. ടീം ഡഗ്‌ഔട്ടില്‍ ഫോണ്‍ നോക്കിയിരിക്കുന്ന റോമിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പി.എം.ഒ.എ. (കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും മാത്രമുള്ള സ്‌ഥലം) പ്രോട്ടോക്കോള്‍ പ്രകാരം മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.
ചിത്രങ്ങള്‍ വൈറലായതോടെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) റോമി ഭിണ്ടറിനോടും രാജസ്‌ഥാന്‍ റോയല്‍സിനോടും വിശദീകരണം ചോദിച്ചു. മറുപടി നല്‍കാന്‍ 48 മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. റോമി ഭിണ്ടര്‍ക്ക് ഡഗ്‌ഔട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ദേവജീത് സൈക്യ പറഞ്ഞു. യുവ ബാറ്റര്‍ വൈഭവ് സൂര്യവംശി റോമിയുടെ ഫോണിലേക്കു നോക്കിയിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വിശദീകരണം നല്‍കുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്ന് ഐ.പി.എല്‍. ചെയര്‍മാന്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.




