
ഓള്‍ഡ് ട്രാഫോര്‍ഡ് : ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ വിജയകുതിപ്പിന് വിരാമമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഡ്‌സില്‍ നിന്നും അട്ടിമറി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ലീഡ്‌സ് എതിരാളികളെ തോല്‍പ്പിച്ചു. 1981-ന് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ തങ്ങളുടെ ആദ്യ ലീഗ് വിജയം ലീഡ്സ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടീനസ് ചുവപ്പ് കാര്‍ഡ് വാങ്ങിയത് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ അവര്‍ കളി മെച്ചപ്പെടുത്തിയെങ്കിലും, പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അര്‍ജന്റീന പ്രതിരോധ താരം ഡൊമിനിക് കാല്‍വര്‍ട്ട്-ലെവിന്റെ മുടിക്ക് പിടിച്ചു വലിച്ചതിനായിരുന്നു ചുവപ്പ് കാര്‍ഡ് വാങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ നോഹ ഒക്കാഫോര്‍ ക്ലിനിക്കല്‍ ഫിനിഷിലൂടെ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് ലെനി യോറോയുടെ ദേഹത്ത് തട്ടിത്തെറിച്ച ഷോട്ടിലൂടെ ഒക്കാഫോര്‍ ലീഡ്സിന്റെ രണ്ടാം ഗോളും നേടി.
വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലിനെത്തുടര്‍ന്നുള്ള മാര്‍ട്ടീനസിന്റെ പുറത്താകല്‍ ആതിഥേയരെ ഉണര്‍ത്തിയതുപോലെ തോന്നി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് കസെമിറോ യുണൈറ്റഡിനായി ഒരു ഗോള്‍ മടക്കി. ബ്രൂണോയുടെ ഈ സീസണിലെ 17-ാം അസിസ്റ്റാണിത് പ്രീമിയര്‍ ലീഗിലെ ഒരു സീസണിലെ റെക്കോര്‍ഡിന് മൂന്ന് അസിസ്റ്റുകള്‍ മാത്രം അകലെ.
ഒരാള്‍ കുറവായിരുന്നിട്ടും അവര്‍ സമനിലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തി. ബെഞ്ചമിന്‍ സെസ്‌കോയുടെ രണ്ട് ശ്രമങ്ങള്‍ ഗോള്‍കീപ്പര്‍ കാള്‍ ഡാര്‍ലോയുടെ സേവിനും കാല്‍വര്‍ട്ട്-ലെവിന്റെ ഗോള്‍ലൈന്‍ ക്ലിയറന്‍സിനും മുന്നില്‍ തടയപ്പെട്ടു. മൈക്കല്‍ കാരിക് ചുമതലയേറ്റ ശേഷമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ ഹോം തോല്‍വിയാണിത്. ആദ്യ പകുതിക്ക് ശേഷം മൈക്കല്‍ കാരിക് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുപോകുമ്പോള്‍, ഹോം ആരാധകരുടെ പ്രതിഷേധവും കൂവലുകളും സ്റ്റേഡിയത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.




