
ഇന്ത്യ ഇന്ന് ദാഹിക്കുന്ന സമ്പന്നരുടെ നാടായി മാറിയിരിക്കുകയാണ്. കൈയില്‍ കാശുംവച്ച് പട്ടിണിയിരിക്കേണ്ട ഗതികേടിലാണ് ഈ നാട്. സ്വന്തം നിക്ഷേപംപോലും പിന്‍വലിക്കാന്‍ അനുമതിയില്ലാത്ത സാമ്പത്തികാടിയന്തിരാവസ്ഥയുടെ കീഴിലായിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഒരു നാടിനേയും അവിടുത്തെ ജനങ്ങളേയും മുള്‍മുനയില്‍ നിര്‍ത്തിയ തീരുമാനമാണ് ഇന്ന് എല്ലാവരുടെയും ചര്‍ച്ച. ഇത് വേണമായിരുന്നുവോ, ഇല്ലയോ എന്നതിനെക്കുറിച്ച് ഇനി സംസാരിക്കുന്നതിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ഇത്തരം ഒരു തീരുമാനം എടുക്കുമ്പോള്‍ ജനങ്ങളെ മുന്നില്‍കണ്ടുകൊണ്ട് ചില പ്രാഥമികനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമായിരുന്നു.
നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നാടകീയമായി നടത്തിയ പ്രഖ്യാപനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പലതുണ്ടാകാം. എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ ഇങ്ങനെയൊരു തീരുമാനം എന്നുചോദിക്കുന്നവരുണ്ട്. എന്തായാലും ഈ തീരുമാനം ഇവിടെ വലച്ചിരിക്കുന്നത് അന്നന്നത്തെ അന്നത്തിന് വഴികണ്ടെത്തുന്ന പാവപ്പെട്ടവരെയും ദുര്ബലരേയുമാണ്. കള്ളപ്പണം സൂക്ഷിക്കുന്ന കൊമ്പന്മാര്ക്ക് ഇതുകൊണ്ട് ഇതുവരെ കാര്യമായി ഒന്നും സംഭവിച്ചതായി അറിയാനും കഴിഞ്ഞിട്ടില്ല.
രാജ്യം കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പിടിയിലാണെന്ന ന്യായം പറഞ്ഞാണ് ഈ നിരോധനമുണ്ടായത്. നിരോധനം ഒരു ദിവസം വൈകിട്ട് മോഡി സേനാധിപന്മാരെ വിളിച്ചുകൂട്ടി തീരുമാനിച്ചതാണെന്ന് വിശ്വസിക്കാന്‍ ഒരു മണ്ടനും കഴിയില്ല. കുറേനാളുകളായി നടത്തിക്കൊണ്ടിരുന്ന മുന്നൊരുക്കത്തിന്റെ ഫലമായിരുന്നു ഈ തീരുമാനം. പ്രത്യേകിച്ച് ആര്.ബി.ഐ നമ്മുടെ നോട്ടിന്റെ വിനിമയത്തെക്കുറിച്ച് വളരെ സൂക്ഷ്മമായി പരിശോധിച്ചുവരികയായിരുന്നുവെന്നാണ് അറിയുന്നത്. സാമ്പത്തികവളര്‍ച്ച താഴോട്ടുപോയെങ്കിലും നോട്ടിന്റെ വളര്‍ച്ച വളരെ മുന്നോട്ടുപോയി എന്നാണ് അവര്‍ പറയുന്നത്. 80 കളില്‍ നോട്ടിന്റെ വളര്‍ച്ച 30 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 100 ശതമാനമായെന്നും അതുകൊണ്ട് കള്ളപ്പണം ഇവിടെ ഇന്ത്യയ്ക്കുള്ളില്‍ തന്നെ വിനിമയം നടക്കുന്നുവെന്നുമുള്ള കണക്കുകൂട്ടലായിരുന്നു ഈ നിരോധനത്തിന്റെ അടിസ്ഥാനമെന്ന പലരും വാദിക്കുന്നത്.
എന്നാല്‍ നോട്ടിന്റെ വളര്‍ച്ചയെ വിലയിരുത്തിക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിലേക്ക് പോകാന്‍ കഴിയുമോയെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. രൂപയുടെ മൂല്യം കുറയുമ്പോള്‍ അത് പരിഹരിക്കാന്‍ നോട്ടുകള്‍ കുടുതലായി ഇറങ്ങുന്ന സാഹചര്യം സര്‍ക്കാര്‍ കൈക്കൊള്ളാറില്ലേയെന്ന സംശയം സ്വാഭാവികമായി ഉയരാറുണ്ട്. ഇത്തരത്തില്‍ നോട്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന് പല കാരണങ്ങളുമുണ്ടാകാം. എന്തായാലും അതല്ല ഇവിടുത്തെ തര്‍ക്കവിഷയം. അപ്പോള്‍ സര്‍ക്കാര്‍ കുറേക്കാലമായി ഈ വിനിമയം നിരീക്ഷക്കുന്നുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ നിരോധനത്തിന് മുമ്പ് പാവപ്പെട്ടവരെ സഹായിക്കുന്ന നടപടികള്‍ രഹസ്യമായിട്ടാണെങ്കിലും സ്വീകരിക്കാമായിരുന്നു.
ഇന്ന് യുദ്ധസമാനമായ സ്ഥിതിയിലാണ് രാജ്യത്തെ ബാങ്കുകളും എ.ടി.എം. കൗണ്ടറുകളും. വയോധികര്‍ പോലും രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ട ഗതികേട്. കാത്തുനിന്ന് കുഴഞ്ഞുവീണ് മരിക്കുന്ന ആളുകള്‍. എന്നിട്ടും പ്രശ്നപരിഹാരത്തിന് കഴിയാത്ത ഭരണകൂടം. വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താത്തതിനാല്‍ ബാങ്കിംഗ് മേഖലയിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാതെപോകുന്ന പ്രശ്നം. വേണ്ടത്ര കറന്‍സികള്‍ എത്തിക്കാനായിട്ടില്ലെന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് 16.5 ലക്ഷം കറന്‍സികളാണ് വിനിമയത്തിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതില്‍ 14 ലക്ഷവും 500ന്റെ നോട്ടുകളാണ്. സാധാരണക്കാരന് ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന കറന്‍സി. നിരോധിച്ച ഈ നോട്ടിനു പകരമുളളത് ഇതുവരെ ബാങ്കുകളില്‍ എത്തിയില്ലെന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുകയാണ്. സാമൂഹികമായുള്ള ദുരന്തത്തിന് പുറമെ സാമ്പത്തികമായും രാജ്യം അധഃപതനത്തിലേക്ക് നീങ്ങുകയാണ്.
ഇത്രയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ ഒരു തീരുമാനം വന്നിട്ടുപോലും എത്രത്തോളം കള്ളപ്പണം പിടിക്കാന്‍ കഴിയുന്നുവെന്നതിലാണ് ഇതിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും. ഇല്ലെങ്കില്‍ ഇതും മറ്റൊരു രാഷ്ട്രീയതന്ത്രം മാത്രമായി അധഃപതിക്കും. രാജ്യസ്നേഹവും ദേശീയതയും പറഞ്ഞുകൊണ്ട് എന്ത് തീരുമാനം ആരെടുത്താലും അതൊക്കെ ശിരസാവഹിച്ച് എന്ത് കഷ്ടതയും അനുഭവിച്ച് ഒപ്പം നിന്നുകൊള്ളമെന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ ചോദ്യം ചെയ്യാനാകാത്ത നിയമം. രാജ്യസ്നേഹം ചില ഭരണാധികാരികളല്ല, ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടത്. അത്തരത്തില്‍ ദേശീയത അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിന്റെ നിര്വഹചനംമാറും. ഓരോ പൗരനും അവന്റെ അമ്മയോടും അച്ഛനോടും ജനിക്കുമ്പോള്‍ മുതലുണ്ടാകുന്ന സ്നേഹം രാജ്യത്തോടും സ്വാഭാവികമായി ഉണ്ടാകും. അല്ലെങ്കില്‍ ഉണ്ടാകണം. അത് ചുരുക്കം ചിലരുടെ മാത്രം കുത്തകയാണെന്ന് ധരിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ ജനിക്കുന്നത്. ഇവിടെ തീരുമാനംപ്രഖ്യാപിച്ചത് ജനാധിപത്യപരമായല്ല, എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. രാജ്യത്തിലെ 110കോടി ജനങ്ങളെ ബാധിക്കുന്ന ഒരുവിഷയം പ്രഖ്യാപിച്ചത് ഇന്ത്യന്‍ സേനയുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്ശേഷം എന്നുപറയുമ്പോള്‍ ജനാധിപത്യത്തെക്കാള്‍ പട്ടാളശക്തിയിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന തെറ്റായ സന്ദേശം അധികാരകേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരും.
എന്തായാലും ഇത്രയും കോളിളക്കമുണ്ടായ ഒരു തീരുമാനം കൈക്കൊണ്ടു. അത് ദിവസങ്ങളോളം ചര്‍ച്ചചെയ്തും ആലോചിച്ചുമാണ് എടുത്തതെന്നതിനും തെളിവുകളുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോഴും സാധാരണക്കാരന്റെ ദുരിതംഒഴിവാക്കാന് മാര്ഗ്ഗംകാണാത്തതാണ് സംശയം ശക്തമാക്കുന്നത്. പാവം വോട്ടര്‍മാര്‍ കുറച്ചുനാള്‍ ദുരിതം അനുഭവിക്കട്ടെയെന്ന നിലപാടായിരുന്നുവോ അധികാരികള്‍ക്ക് എന്ന് ചിന്തിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു. അത്രത്തോളം ബുദ്ധിമുട്ടാണ് സമൂഹംഅനുഭവിക്കുന്നത്. പ്രസ്താവനകള്‍ കൊണ്ടുമാത്രം ജീവിക്കുന്നവര്‍ക്കും പണത്തിന്റെ ആവശ്യമില്ലാത്ത അധികാരത്തിന്റെ സോപാനത്തില്‍ വാഴുന്ന ദന്തഗോപുരവാസികള്‍ക്കും ഇതിന്റെ ദുരിതം അറിയാനാവില്ല. പണ്ട് ജനസ്നേഹികളായ രാജാക്കന്മാര്, സമൂഹത്തിന്റെ ദുഃഖം അറിയാനായി വേഷപ്രച്ഛന്നരായി സമൂഹത്തിലിറങ്ങുമെന്ന് കഥകളില്‍ കേട്ടിട്ടുണ്ട്. അതുപോലെ ഒരുദിവസം നിരോധിച്ച ഒരു അഞ്ഞൂറിന്റെയോ ആയിരത്തിന്റേയോ നോട്ടുമാത്രം കൈയില്‍ വച്ചുകൊണ്ട് ഇവരും ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങി പൊതുസമൂഹത്തില്‍ ഒന്നു കറങ്ങിനോക്കണം. അപ്പോഴറിയും എന്താണ് ദുരിതമെന്ന്. എന്നിട്ട് രാജ്യസ്നേഹത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാം.





