
വടക്കഞ്ചേരി : കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികൾ എത്തിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഇന്നലെ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങളാണ്. പടിഞ്ഞാറേ തുരങ്കമുഖത്തെ വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾ വാഹനം നിർത്തുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കി.
ജൂലൈ 31ന് തുരങ്കം തുറന്നശേഷം ആദ്യമായി തുരങ്കത്തിനു മുൻപിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തുരങ്കത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് കൺട്രോൾ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സമയാസമയങ്ങളിൽ പൊലീസ് നിർദേശങ്ങൾ നൽകി തുരങ്കത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നുണ്ട്.
പീച്ചി പൊലീസും ഹൈവേ പൊലീസുമെത്തി വാഹനങ്ങൾ നിയന്ത്രിച്ചു. ഡിസംബറിനുള്ളിൽ വലത് തുരങ്കവും തുറന്നുകൊടുക്കാനാകുമെന്നാണ് നിർമാണ കമ്പനി അറിയിച്ചിട്ടുള്ളത്.






