
ബെയ്ജിങ് : താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാന്റെ പുനരുധാരണത്തിനായി സഹായം നൽകുമെന്ന് ചൈന. യുഎസിനു ഇത്തരത്തിൽ ഒന്നും ചെയ്യാതെ പിൻവാങ്ങാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.
'അഫ്ഗാൻ ജനതയോടു ചേർന്നു നിൽക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. യുഎസ് അവരുടെതന്നെ വാക്കുകളോടു നീതി പുലർത്തുമെന്നു കരുതാം. മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെ. ' വാങ് വെൻബിൻ പറഞ്ഞു. നിലവിൽ അഫ്ഗാനിസ്ഥാന്റെ സ്ഥിതി വളരെ പരിതാപകരമാണ്. താലിബാൻ സമാധാന വാഗ്ദാനം നൽകിയെങ്കിലും രാജ്യത്ത് അരങ്ങേറുന്നത് താലിബാന്റെ ക്രൂരതകളാണ്. കൊച്ചുകുട്ടികൾ പോലും അതിനു ഇരയാകുന്നു എന്നത് ഭീകരത വർധിപ്പിക്കുന്നു.
രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്. അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അഫ്ഗാനിൽ സമാധാനം പുലർത്തുന്നതിനും ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചൈനയും പങ്കു വഹിക്കും’– വാങ്ങിന്റെ വാക്കുകൾ.






