
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയില്‍ താമസിച്ചവര്‍ക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉണ്ടായിരിക്കില്ല. യുഎഇ യുടെ എത്തിഹാദ് എയര്‍വേയ്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
'' ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കോ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കോ വിസാ ഓണ്‍ അറൈവല്‍ സഗവിധാനം താല്‍ക്കാലികമായി നിരോധിക്കാന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചു.'' എത്തിഹാദിന്റെ ട്വീറ്റില്‍ പറയുന്നു. ശ്രീലങ്ക, പാകിസ്താന്, നേപ്പാള്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നമീബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് ബാധകമാണ്.
യുഎഇ യിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം ഇറങ്ങുമ്പോള്‍ തന്നെ ആറു മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് 19 നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അമേരിക്കന്‍ വിസ, ഗ്രീന്‍കാര്‍ഡ്, യുകെ റസിഡന്റ് പെര്‍മിറ്റ്, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് റെസിഡന്റ് പെര്‍മിറ്റ്, എന്നിവ കയ്യിലുളള ഇന്ത്യാക്കാര്‍ക്ക് എന്‍ട്രി വിസ 14 ദിവസത്തേക്ക് മാത്രമാകും അനുവദിക്കുക. ഇവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, യുകെ വിസ, ഗ്രീന്‍കാര്‍ഡ്, യുകെ റസിഡന്റ് പെര്‍മിറ്റ്, ഇയു റസിഡന്റ് പെര്‍മിറ്റ് എന്നിവ ആറു മാസമെങ്കിലും കാലാവധി ഉള്ളതായിരിക്കണമെന്നും യുഎഇ എംബസി പറയുന്നു.
കോവിഡിന്റെ ആദ്യ രണ്ടു തരംഗം കടന്നുപോയ ഇന്ത്യ മൂന്നാം തരംഗത്തിന് മുമ്പായി ദ്രുതഗതിയില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ്. ഇന്ത്യയില്‍ രോഗബാധയുടെ തോത് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അമേരിക്കയും യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഈ മാസം ആദ്യം യുകെയും ഇന്ത്യന്‍ യാത്രക്കാരുടെ കാര്യത്തില്‍ റെഡില്‍ നിന്നും ആംബര്‍ പട്ടികയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്തയയില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 25,467 ആണ്.






