
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റഴിക്കാനുള്ള പ്രഖ്യാപനം ധനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററില്‍ പ്രതിഷേധ പ്രചരണവുമായി കോണ്‍ഗ്രസ്. ഇന്ത്യ വില്പനയ്ക്ക് എന്ന ഹാഷ്ടാഗിലാണ് പ്രചാരണം. നിര്‍മലാ സീതാരാമന് കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചാരണം തുടങ്ങുകയായിരുന്നു.
ഏഴു ദശകം കൊണ്ട് രാജ്യം സമ്പാദിച്ച പൊതുപണം കൊണ്ടു വാങ്ങിയ സ്വത്തുക്കള്‍ വ്യവസായി കൂട്ടുകാര്‍ക്ക് വേണ്ടി മോഡി വിറ്റുതുലയ്ക്കുകയാണ് എന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അടുത്ത നാലു വര്‍ഷം കൊണ്ട് ആസ്തിവിറ്റ് വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് കഴിഞ്ഞ ദിവസം നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ പ്രചരണത്തിന് വലിയ ശ്രദ്ധ കിട്ടുകയും ചെയ്തിരുന്നു.
അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്താണ് രാഹുല്‍ ക്യാംപെയ്ന് ആരംഭിച്ചത്. സംഗതി ഉടന്‍ ട്രെന്റിംഗാകുകയും കേന്ദ്ര സര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തെ വിമര്‍ശിച്ച് നിരവധി പേര് ട്വീറ്റ് ചെയ്യുകയുമായിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച പദ്ധതിയില്‍ റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാണ് നീക്കം.
നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുകയെന്നാണ് ധനമന്ത്രി അറിയിച്ചത്. അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെടുന്നുണ്ട്.
റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു.






