
ന്യൂഡല്‍ഹി: മലബാര്‍ സമരത്തെയും വാഗണ്‍ ട്രാജഡിയെയും ബോധപൂര്‍വ്വം ഒഴിവാക്കുന്നു എന്ന ആക്ഷേപം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും വിവാദത്തില്‍ തലയിട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ). ഇത്തവണ ജവഹര്‍ ലാല്‍ നെഹ്രുവിനെ ആസാദികാ അമൃത് മഹോത്സവ് പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്.
പരിപാടിയുടെ പ്രചരണ പോസ്റ്ററില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന് ഒഴിവാക്കി സവര്‍ക്കാര്‍ക്ക് ഇടം നല്കി. പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ.അംബേദ്കർ എന്നിവർക്കൊപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയത്. സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ് എന്നിവരേയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആന്‍ഡമാനില്‍ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയാണ് പുറത്ത് വന്നത് എന്നതിന് ചരിത്ര രേഖകളുണ്ട് എന്നും ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത് പലസമയത്തും ബ്രിട്ടീഷ് അനുകൂലിയായിരുന്നു എന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. നേരത്തേ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽ നിന്ന് വെട്ടി മാറ്റാന്‍ ശ്രമം നടത്തിയിരുന്നു.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് ഐ.സി.എച്ച്.ആര് വെട്ടി മാറ്റാന്‍ ശ്രമം നടത്തിയത്. വാഗണ്‍ ട്രാജഡിയില്‍ പെട്ടവരുടെ പേരുകള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തി എന്ന റിപ്പോട്ടുകളും വന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു (1857-1947) വിന്റെ അഞ്ചാം വാല്യത്തില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള നിര്‍ദേശമാണ് സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.






