
തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. 80 ശതമാനത്തിനുമുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.
ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി ഇറക്കിയ പുതിയ മാർഗരേഖ അനുസരിച്ചു 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരാനാണ് തീരുമാനം. രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ പരിശോധനയിൽനിന്ന് ഒഴിവാക്കും. കൂടാതെ, രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും.
ലാബുകൾ സാംപിളുകളുടെ ഫലം എത്രയുംവേഗം അപ്ലോഡ് ചെയ്യണം. കൃത്യമായി ചെയ്യാത്ത ലാബുകൾക്കെതിരേ നടപടിയെടുക്കും.






