
കാബൂള്‍: തോക്ക് താഴ്ത്തി യു.എസ് മേജര്‍ ജനറല്‍ ക്രിസ് ഡോണാഹ്യൂ സി.-17 വിമാനത്തിനടുത്തേക്ക് നടന്നു. തെല്ല് ചടുലതയില്‍.
നിര്‍വികാരനായി. 20 വര്‍ഷം നീണ്ട അഫ്ഗാനിലെ സൈനിക ദൗത്യത്തിന് അന്ത്യംകുറിച്ച് യു.എസിന്റെ അവസാന പട്ടാളക്കാരനും വിമാനം കയറുന്നതിന്റെ ഈ നേര്‍ക്കാഴ്ച പെന്റഗണ്‍ തന്നെ പുറത്തുവിട്ടു. ചരിത്രത്തിലെ നാഴികക്കല്ലാകുന്ന വാര്‍ത്താചിത്രം.
തിങ്കളാഴ്ച അര്‍ധരാത്രിക്ക് ഒരു മിനിട്ട് മുമ്പാണ് സൈനികരെയും പേറിയുള്ള അവസാന യു.എസ്. വിമാനം കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നത്. ഇതിലെ അവസാന യാത്രികനായി ക്രിസ് ഡോണാഹ്യൂ നടന്നടുക്കുന്ന ചിത്രം വിമാനത്തിനുള്ളില്‍ നിന്നു പകര്‍ത്തിയതാണ്.
എണ്‍പത്തിരണ്ടാം എയര്‍ബോണ്‍ ഡിവിഷന് കമാന്‍ഡര്‍ സര്‍വായുധ സജ്ജനായാണ് മടങ്ങിയതും. ഹെല്‍മറ്റിനു മുകളില്‍ രാത്രി കാഴ്ചയുള്ള കണ്ണട. കൈയില്‍ റൈഫിള്‍... അഫ്ഗാനെ പിന്നിലാക്കി സുരക്ഷിത ഇടത്തേക്കുള്ള യു.എസ്. സൈനികപിന്മാറ്റം അവിടെ തീര്‍ന്നു. അതും 1,23,000 അഫ്ഗാന് പൗരന്മാരെ കുരുതിക്കളത്തില്‍നിന്ന് ഒഴിപ്പിച്ച്.
അഫ്ഗാന് മണ്ണിലെ സോവിയറ്റ് യൂണിയന്റെ ഒരു പതിറ്റാണ്ടു നീണ്ട പടയോട്ടത്തിന് അന്ത്യംകുറിച്ച് അന്നത്തെ നാല്പതാം യൂണിറ്റിന്റെ കമാന്‍ഡര്‍ ജനറല്‍ ബോറിസ് ഗ്രോമോവ് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് പിന്നിടുന്ന ചിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ക്രിസ് ഡോണാഹ്യൂവിന്റെ ചിത്രം.
1989 ഫെബ്രുവരി 15-നാണ് ഗ്രോമോവിന്റെ സൈനികപ്പട അഫ്ഗാന് വിടുന്നത്. അതും 14,450 സോവിയറ്റ് സൈനികരുടെ ജീവന് നഷ്ടപ്പെടുത്തി.
ഉസ്ബെക്ക് അതിര്‍ത്തി ലക്ഷ്യമാക്കി ഗ്രോമോവിന്റെ അരലക്ഷത്തോളം പട്ടാളക്കാര്‍ നീങ്ങുമ്പോള്‍ ഇടയ്ക്കും പിഴയ്ക്കും ആക്രമണങ്ങള്‍ നേരിട്ടു. സുരക്ഷിതയാത്ര ഒരുക്കാന്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ക്ക് ആവശ്യത്തിനു പണം കൊടുത്തിട്ടുപോലും.
എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് സന്തോഷം എന്ന മറുപടിയാണ് അന്ന് ഗ്രോമോവ് നല്‍കിയത്. "ദൗത്യം പൂര്‍ത്തിയാക്കി. വീട്ടിലേക്കു മടങ്ങുന്നു. തിരിഞ്ഞുനോക്കാതെ" എന്നായിരുന്നു ഗ്രോമോവിന്റെ വാക്കുകള്‍.
ഡോണാഹ്യൂവും കൂട്ടരുമാകട്ടെ അതിലും തിക്താനുഭവങ്ങളുമായാണ് അഫ്ഗാന് മണ്ണ് വിട്ടത്. അവസാന നാളുകളിലെ നടുക്കുന്ന ഓര്മകളില്നിന്നു കണ്ണെടുക്കാന്‍ കഴിയാതെ.
താലിബാനില്‍നിന്നു ജീവനുംകൊണ്ടു പാഞ്ഞ അഫ്ഗാന്‍കാര്‍ വിമാനത്താവളത്തിലേക്കു കുട്ടികളെ റേസര്‍ വയറിനു താഴെക്കൂടിയാണ് അമേരിക്കന്‍ പട്ടാളക്കാര്‍ക്കു കൈമാറിയത്.
വിമാനത്തിനു പുറത്തു തൂങ്ങി രക്ഷപ്പെടാന്‍ നോക്കിയ രണ്ട് അഫ്ഗാന് യുവാക്കള്‍ വീണ് ചോരക്കളം തീര്‍ത്തു. ഒഴിപ്പിക്കല്‍ ദൗത്യവേളയില്‍ ഇക്കഴിഞ്ഞ 26-നു വിമാനത്താവളത്തിനു പുറത്ത് ഐ.എസ്. നടത്തിയ ചാവേര്‍ ആക്രമണം 13 അമേരിക്കക്കാരുടെയും നൂറുകണക്കിന് അഫ്ഗാനികളുടെയും ജീവനെടുത്ത ദുരന്തകാഴ്ചയ്ക്കും സാക്ഷികളായാണ് അമേരിക്കന്‍ പട്ടാളം ഒടുവില്‍ പറന്നകന്നത്.






