
വാഷിംഗ്ടണ്‍: താലിബാനെതിരായ പദ്ധതി വ്യക്തമാക്കുകയാണെങ്കില്‍ തങ്ങള്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞതായി റിപ്പോര്‍ട്ട്. താലിബാന് അഫ്ഗാനിസ്ഥാന് പിടിക്കുന്നതിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്.
അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴസ് ഇരുവരും ജൂലൈ 23ന് നടത്തിയതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടു. കൃത്യമായ ഒരു സൈനിക തന്ത്രം രൂപികരിക്കാനും ശക്തനായ ഒരാളെ മുന്‍നിര്‍ത്തി നീങ്ങാനും ബൈഡന് ഗനിയെ ഉപദേശിക്കുന്നുണ്ട്. അത് പ്രതിരോധമന്ത്രി ജനറല്‍ ബിസ്മില്ല ഖാന് മുഹമ്മദിയെ ഉദ്ദേശിച്ചാവാന്‍ സാധ്യതയുണ്ടെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
തനിക്ക് സൈനിക രംഗത്ത് കാര്യമായ അറിവില്ലെന്നും അതിനാല്‍ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട ഉപദേശം തരാന്‍ സാധിക്കില്ലെന്ന് ബൈഡന് പറഞ്ഞെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്രപരമായും രാഷ്ട്രീയപരമായും സാമ്പത്തികമായും അഫ്ഗാന് നല്‍കിവരുന്ന സഹായങ്ങള്‍ തുടരുമെന്നും അഫ്ഗാന്റേത് ശക്തമായ സൈന്യമാണെന്ന് ബൈഡന് പ്രശംസിച്ചതായും പറയുന്നു.
താലിബാന് അവരുടെ മുന്നേറ്റം വര്‍ദ്ധിപ്പിക്കുകയും ഒന്നിനു പുറകെ ഒന്നായി പ്രവിശ്യകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഫ്ഗാന്റെ പ്രധാന നേതാക്കള്‍ ഒരു പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുകയാണെങ്കില്‍ ഒരുപക്ഷേ അഫ്ഗാനെ കുറിച്ചുള്ള ലോകരാഷ്ട്രങ്ങളുടെ മനോഭാവം മാറാന്‍ സാധ്യതയുണ്ടെന്ന് സംഭാഷണത്തില്‍ ബൈഡന് പറഞ്ഞതായി റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന് അധിനിവേശം നടത്തുന്നതെന്നും ഡോക്ടര്‍ അബ്ദുള്ള താലിബാനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്നും ഗനി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളെ വൈറ്റ് ഹൗസ് തള്ളിയിരുന്നു.






