
കല്‍പ്പറ്റ: മുട്ടില്‍ മരംമുറി സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം ഉന്നതരിലേക്കു നീളാതിരിക്കാന്‍ ആസൂത്രിത നീക്കമെന്ന് ആക്ഷേപം. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് വില്ലേജ് ഓഫീസ എന്നിവരെ മാത്രമാണ് ഇതുവരെയായി പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. നിയമവിരുദ്ധമായി മരംമുറിക്കാന്‍ അനുമതി നല്‍കിയതിന് കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ്.
ഇതിനിടെയാണ് റവന്യൂ, വനംവകുപ്പുകളിലെ ഉന്നതരുടെ ഒത്താശയും അനുഗ്രഹവുമില്ലാതെ മരംമുറി നടക്കില്ലെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചത്. മരംമുറിയില്‍ പങ്കുള്ളവര്‍ എത്ര ഉന്നതരായാലും നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഇനി സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകും.
മരംമുറിക്കാന്‍ ഒത്താശ ചെയ്ത ഉന്നത വനം, റവന്യു ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്ന്നവരും ഇപ്പോഴും കാണാപ്പുറത്താണ്. കൈക്കൂലി, അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരും മുന്‍ വനം, റവന്യൂ മന്ത്രിമാരും ഉദ്യോഗസ്ഥരും വരെ ആരോപണവിധേയരായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സി നടത്തുന്ന അന്വേഷണം പ്രഹസനമാകുമെന്നാണ് പൊതുവേയുള്ള ആശങ്ക. ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അഗസ്റ്റിന് സഹോദരന്മാര്, ഏതാനും മരംമുറി കരാറുകാര്‍, തൊഴിലാളികള്‍ തുടങ്ങിയവരെമാത്രം കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘം ഇതുവരെ നടത്തിയ അന്വേഷണം.
സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന അവകാശവാദമുന്നയിച്ച് മരംമുറിക്കാന്‍ അനുവാദം തേടി അഗസ്റ്റിന് സഹോദരന്മാര് വയനാട്ടിലെ റവന്യു, വനം വകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നു. മരംമുറിച്ചശേഷം ഈ വിവരം വയനാട്, കലക്ടര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. എന്നിവരെയടക്കം അറിയിച്ചിരുന്നെന്ന് അഗസ്റ്റിന് സഹോദരന്മാര് വെളിപ്പെടുത്തിയിരുന്നു. മുറിച്ച മരങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കുകയും ചെയ്തു.
മരംമുറിക്കുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മരംമുറി നടന്ന സമയത്ത് പരാതി ലഭിച്ചിരുന്നെങ്കിലും മരംമുറിക്കാന്‍ അനുവാദമുണ്ടെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. 2020 ഒക്ടോബര്‍ 24-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം, 1964-ലെ ഭൂപതിവു ചട്ടപ്രകാരം പതിച്ചു നല്കിയ റവന്യൂ പട്ടയഭൂമിയിലെ നിക്ഷിപ്ത മരങ്ങള്‍ മുറിക്കാന്‍ അനുമതിയില്ലെന്നും മരംമുറി തടയണമെന്നും ചൂണ്ടിക്കാട്ടി വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെങ്കിലും കേസെടുക്കാനോ മരങ്ങള്‍ കസ്റ്റഡിയിലെടുക്കാനോ കലക്ടറുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല.
ഇതാണ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണു മരംമുറിച്ചതെന്ന് അഗസ്റ്റിന് സഹോദരന്മാര് കോടതിയില്‍ ആവര്‍ത്തിക്കാന്‍ കാരണം. ഉദ്യോഗസ്ഥരുടെ ഒത്താശയ്ക്ക് അഗസ്റ്റിന് സഹോദരന്മാരുടെ കൈവശം നിര്‍ണായക തെളിവുകളുണ്ടെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ നല്കുന്ന സൂചന. ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ തെളിവുകള്‍ പരസ്യമാക്കുമെന്ന ഭീതിയില്‍, ജാമ്യത്തിനു തടയിടാനുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.






