
റായ്പൂര്‍: റായ്പൂര്‍ : ബ്രാഹ്മണര്‍ക്കെതിരേ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്വന്തം പിതാവിനെ ജയിലിലേക്ക് അയച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗലിനെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.
നന്ദകുമാറിനെ ആഗ്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബ്രാഹ്മണിസത്തിനെതിരേയുള്ള തന്റെ അവസാന പോരാട്ടമാണ് ഇതെന്നും ഇക്കാര്യത്തില്‍ സുപ്രീംകോടതി വരെ വേണമെങ്കിലും പോകുമെന്നും പറഞ്ഞു. അദ്ദേഹത്തെ പിന്നീട് റായ്പൂരിലേക്ക് കൊണ്ടുവന്നു. ബ്രാഹ്മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 86 കാരനായ നന്ദ് കുമാര്‍ ബാഗേലിനെതിരെ നേരത്തെ തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
സെപ്തംബര്‍ 5 ന് സര്‍വ ബ്രാഹ്മണ് സമാജം നല്കിയ പരാതിയിലാണ് നന്ദകുമാറിനെതിരേ ഡി.ഡി. നഗര്‍ പോലീസ് കേസെടുത്തത്. കലാപത്തിന് സാഹചര്യമുണ്ടാക്കുന്ന വിദ്വേഷ പരാമര്‍ശം നടത്തി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലക്നൗവില്‍ കഴിഞ്ഞമാസം നടന്ന ഒരു പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം. ബ്രാഹ്മണര്‍ ഈ രാജ്യത്തെ പൗരന്മാര് അല്ലെന്നും അവര്‍ വിദേശികളാണെന്നും അതുകൊണ്ടു തന്നെ അവരെ ഈ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും പറഞ്ഞു. ‘ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യര്‍ത്ഥിക്കുന്നു. മറ്റെല്ലാ സമുദായക്കാരോടും സംസാരിച്ച്, അങ്ങനെ അവരെ ബഹിഷ്കരിച്ച് തിരികെ വോര്‍ഗ നദീതീരത്തേക്ക് അയക്കണ’മെന്നും പറഞ്ഞിരുന്നു.
തന്റെ പിതാവിനെതിരെ എഫ്.ഐ.ആര് ഇട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ച പൊലീസ് നടപടിയെ അനുകൂലിച്ച് ഭൂപേഷ് ബാഗേല്‍ രംഗത്തെത്തിയിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നും അത് 86 വയസുള്ള തന്റെ അച്ഛനായാലും അങ്ങനെ തന്നെയാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ‘ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു, എന്നാല്‍ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍, പൊതു ക്രമസമാധാനം തകര്‍ക്കാന്‍ പാകത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ അവഗണിക്കാനാകില്ല. മുഖ്യമന്ത്രിയുടെ പിതാവാണെങ്കില്‍ പോലും, ഞങ്ങളുടെ ഗവണ്മെന്റില് ആരും നിയമത്തിന് അതീതരല്ല,’ എന്നായിരുന്നു ഭൂപേഷ് ബാഗേല്‍ പറഞ്ഞത്.
മത്ദതാ ജാഗ്രതി മഞ്ചിന്റെയും അഖില ഭാരതീയ കുറമി കിസാന്‍ മസ്ദൂര്‍ മഹാസഭയുടേയും പ്രസിഡന്റാണ് നന്ദകുമാര്‍ ബാഗല്. ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തി അദ്ദേഹം നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. 20 വര്‍ഷം മുമ്പ് 'ബ്രാഹ്മിണ്‍ കുമാര്‍ രാവണ്‍ കോ മത് മാരോ' എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ഇത് വലിയ വിവാദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ 2001 ല്‍ പുസ്തകം നിരോധിച്ചിരുന്നു. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഝത്തീസ്ഗഡ് ഹൈക്കോടതിയില്‍ 16 വര്‍ഷം നിയമയുദ്ധം നടത്തി.






