
കാബൂള്‍: മറ്റൊരു ഭീകരസംഘടനയായ ഹഖാനി ശൃംഖലയുടെ മേധാവി സിറാജുദ്ദീന് ഹഖാനി അഫ്ഗാന് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാകും. സോവിയറ്റ് യൂണിയനെതിരേ പോരാടിയ യുദ്ധപ്രഭു ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് ആഗോളഭീകരനായി കണക്കാക്കപ്പെടുന്ന സിറാജുദ്ദീന്. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കു യു.എസ്. 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ താലിബാന്റെയും അല്ക്വയ്ദയുടെയും തണലിലാണു സിറാജുദ്ദീന് കഴിഞ്ഞിരുന്നത്.
2008-ല്‍ കാബൂളിലെ ഒരു ഹോട്ടലില്‍ യു.എസ്. പൗരനുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനാണിയാള്‍. അതേവര്‍ഷം അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്സായിക്കുനേരേ നടന്ന വധശ്രമത്തിന്റെ ആസൂത്രകനായ സിറാജുദ്ദീനാണു യു.എസ്. സഖ്യേസനയ്ക്കു നേരേ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്.
മുല്ല അമീര്‍ ഖാന് മുത്താഖിയാകും താലിബാന്റെ വിദേശകാര്യമന്ത്രി. വാര്ത്താവിതരണമന്ത്രിയാകുമെന്നു കരുതപ്പെട്ടിരുന്ന മുല്ല സബിയുള്ള മുജാഹിദ്, സര്‍ക്കാര്‍ തലവന്‍ മുല്ല ഹസന്റെ ഔദ്യോഗികവക്താവാകും.
അഫ്ഗാന് പിടിച്ചടക്കിയശേഷം രണ്ടാംവട്ടവും താലിബാന് സര്‍ക്കാര്‍ പ്രഖ്യാപനം മാറ്റിവച്ചിരുന്നു. തുടര്‍ന്ന്, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഷാഹിദ് ഹമീദ് അഫ്ഗാനിലെത്തിയശേഷമാണു സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമധാരണയായത്.
പാക് മാധ്യമങ്ങളാണു വിവരം പുറത്തുവിട്ടത് എന്നതും ശ്രേദ്ധയമാണ്. താലിബാന് സര്‍ക്കാരില്‍ പാകിസ്താന്റെ സ്വാധീനം ശക്തമായിരിക്കുമെന്ന സൂചന ശരിവയ്ക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. മുല്ല ബരാദര്‍, ഹിസ്ബ്-ഇ-ഇസ്ലാമി നേതാവ് ഗുല്ബുദ്ദിന് ഹെക്മത്യാര് എന്നിവരുമായി അഫ്ഗാനിലെത്തിയ ഐ.എസ്.ഐ. മേധാവി ചര്‍ച്ച നടത്തിയിരുന്നു.






