
തൊടുപുഴ : മുറ്റത്തെ മാവിന് ചുവട്ടില്‍ മൊട്ടിട്ട പ്രണയം ദാമ്പത്യവല്ലരിയായി പൂത്തുലഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നതിന്റെ ചാരുതാര്‍ഥ്യത്തിലാണ് പി.ജെ. ജോസഫ് എം.എല്‍.എയും ഭാര്യ ഡോ. ശാന്തയും. പ്രണയവും വിവാഹ നാളുകളും ഇന്നലെയെന്ന പോലെ ഓര്‍ത്തെടുക്കുകയാണു പുറപ്പുഴ പാലത്തിനാല്‍ തറവാട്ട് വീട്ടിലിരുന്ന് ഇരുവരും.
പി.ജെയുടെ ഓര്‍മകളില്‍ നിന്ന്....
എന്റെ പ്രണയത്തിനു മാവാണ് സാക്ഷി. 1967 ലെ ഫെബ്രുവരിയില്‍ വീട്ടുമുറ്റത്തെ മാവില്‍ നിറയെ മാമ്പഴങ്ങളുണ്ടായിരുന്നു. അന്ന് ഞാന്‍ തേവര എസ്.എച്ച്. കോളജില്‍ എം.എ ഫൈനല്‍ വിദ്യാര്‍ഥിയാണ്. ഒരിക്കല്‍ ഹോസ്റ്റലില്‍നിന്നും വീട്ടിലേക്കു വരുമ്പോള്‍ മുറ്റത്ത് മാമ്പഴം പെറുക്കുന്ന കുട്ടികള്‍ക്കൊപ്പം അപരിചിതയായ ഒരു യുവതി. ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ഒന്നു ശ്രദ്ധിച്ചു നോക്കി. മുണ്ടും വേഷ്ടിയുമാണ് വേഷം. എന്നെ കണ്ടതും അവള് വീട്ടിലേക്കു കയറിപ്പോയി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആളെ മനസിലായത്. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ പുതിയതായി വന്ന ഡോക്ടറാണ് കക്ഷി; എന്റെ സഹോദരിയുടെ ജൂനിയറായി പഠിച്ചയാള്‍. പോസ്റ്റിങ് കിട്ടിയപ്പോള്‍ താമസസ്ഥലത്തിനു സഹോദരിയെ സമീപിച്ചു. മറ്റിടങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തല്ക്കാലം വീട്ടില്‍ തന്നെ താമസം ഏര്‍പ്പാടാക്കി.
സാഹിത്യനിരൂപകന്‍ എം.പി. പോളിന്റെ സഹോദര പുത്രിയായിരുന്നു ശാന്ത. വരാപ്പുഴ മേനാച്ചേരി കുടുംബാംഗം. മൂന്നുമാസം ശാന്ത എന്റെ വീട്ടിലായിരുന്നു താമസം. അനവധി സര്‍ക്കാര്‍ ആശുപത്രികളുണ്ടായിട്ടും എന്റെ ഗ്രാമത്തിലായിരുന്നു ശാന്തയുടെ ആദ്യ നിയമനം. അതൊരു ദൈവ നിശ്ചയമായി ഞാന്‍ കാണുന്നു. എന്റെ പിതാവ് പാലത്തിനാല്‍ കുഞ്ഞേട്ടന് (പി.ഒ. ജോസഫ്) മുന്‍കൈയെടുത്താണ് നാട്ടിലൊരു പ്രാഥമിക ആരോഗ്യകേന്ദ്രം ആരംഭിച്ചത്. വീട്ടില്‍നിന്നും 800 മീറ്റര്‍ അകലെ ആരോഗ്യകേന്ദ്രത്തിലേക്ക് ശാന്ത നടന്നു പോകുന്നത് അവള് കാണാതെ ഞാന്‍ നോക്കി നില്ക്കും. ആ കാഴ്ച ഇന്നും എന്റെ മനസിലുണ്ട്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ശാന്തയ്ക്ക് പണ്ടപ്പള്ളിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി.
എന്റെ സഹോദരി രാജിവച്ച ഒഴിവിലേയ്ക്കായിരുന്നു നിയമനം. പിന്നീട് അവിടെനിന്നും മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക്. അക്കാലത്താണ് പറമ്പിലെ പണിക്കാരനായ ദേവസ്യ പുറപ്പുഴയില്‍ തന്നെ ചികിത്സിച്ചിരുന്ന ഡോക്ടറെ കാണണമെന്നു പറയുന്നത്. അങ്ങനെ ദേവസ്യയേയും കൂട്ടി ഞാന്‍ മൂവാറ്റുപുഴക്കു പോയി. മാസങ്ങള്‍ക്കുശേഷം അന്നാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. അന്നവിടെ ശാന്തയുടെ അമ്മാവന് സീനിയര്‍ ഡോക്ടറായിരുന്നു. അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി.
ആ കൂടിക്കാഴ്ച ഞങ്ങളുടെ അടുപ്പത്തെ ഊഷ്മളമാക്കി. കത്തുകളിലൂടെ ബന്ധം തുടര്‍ന്നു. അതെങ്ങനെ നീണ്ടു പോയി. പ്രണയം മൊട്ടിട്ട ശേഷം നാലു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. 1971 സെപ്റ്റംബര്‍ 15 ന് ശാന്തയെ കൈപിടിച്ച് പാലത്തിനാല്‍ തറവാട്ടിലേയ്ക്ക് എത്തിച്ചിട്ട് ഇന്ന് അമ്പത് വര്‍ഷം തികയുന്നു....ഇത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ പി.ജെ വീണ്ടും മാവിന്‍ചുവട്ടിലെ അതേ കാമുകനായി. ഡോ. ശാന്ത ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിട്ടാണ് വിരമിച്ചത്. മക്കള്‍: അപു, യമുന, ആന്റണി, പരേതനായ ജോ. കോവിഡ് കാലമായതിനാല്‍ അമ്പതാം വിവാഹ വാര്‍ഷികം ലളിതമായി മാത്രം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.






