
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കും. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയതായാണ് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യയ സ്വന്തമാക്കുവാന്‍ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയര്മാന് അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിസര്‍വ് തുക സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് ചെയര്മാന് അജിത് സിങ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയത്.
ഇതിനിടെ കമ്പനി നല്കിയ താമസസൗകര്യങ്ങളില്‍ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയര്‍ ഇന്ത്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്കരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.






