
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ കുടുങ്ങുന്നത് നാണക്കേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
പോലീസുകാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങുന്നത് നാണക്കേടാണ്. അഴിമതിക്കാരായ പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. സേനയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനയ്ക്കാണ്. അതുകൊണ്ടുതന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയണം. മേലുദ്യോഗസ്ഥര്‍ ഇക്കാര്യം കൃത്യമായി നിരക്ഷിക്കണം.
പൊതുജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിഭാഗമായതിനാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. പോലീസുകാര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ചില പോലീസുകാരുടെ പങ്കും പുറത്തുവരുന്നുണ്ടെങ്കിലും അക്കാര്യങ്ങള്‍ അദ്ദേഹം നേരിട്ട് പരാമര്‍ശിച്ചില്ല. സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.
സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന പരാതിയുണ്ടാകരുത്. ഇരയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റേതെന്നും ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തണമെന്നും അദേഹം പറഞ്ഞു.
അതേസമയം കസ്റ്റഡി മരണം പോലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല. സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ വളരെ ഗൗരവമായാണ് കാണുന്നത്. പോലീസ് സ്റ്റേഷനിലെത്തുന്നവരോട് പെരുമാറുന്ന രീതിയാണ് മൊത്തം സേനയുടെ പ്രതിച്ഛായയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു






