
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തുടര്‍ച്ചയായി നിയമസഭയില്‍ ഹാജരാകാതിരിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമസഭയുടെ മൂന്നാം സമ്മേളനത്തിലും അന്‍വര്‍ ഹാജരാകാത്തതില്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടു. ജനപ്രതിനിധിയായിരിക്കാന്‍ അന്‍വറിന് താല്പര്യമില്ലെങ്കില് രാജിവച്ച് പോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിസിനസ് ആവശ്യത്തിന് മാറിനില്‍ക്കുന്നുവെന്നാണ് അന്‍വറിന്റെ ഓഫീസ് നല്കുന്ന മറുപടി. ഈ മാസം അവസാനം അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുമെന്നും ഓഫീസ് വ്യക്തമാക്കി. അന്‍വറിനെ കാണ്മാനില്ലെന്ന് കാണിച്ച് നിലന്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 12 ദിവസവും രണ്ടാം സമ്മേളനത്തില്‍ 29 ദിവസവും സഭ ചേര്‍ന്നിരുന്നു. എന്നാല്‍ ആദ്യ സമ്മേളനത്തിലെ അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ ഹാജരായത്. ഭരണഘനാ അനുച്ഛേദം അനുസരിച്ച് തുടര്‍ച്ചയായി 60 ദിവസം സഭയില്‍ ഹാജരാകാതിരുന്നാല്‍ അംഗത്വം അയോഗ്യനാക്കപ്പെടാം.
അപേക്ഷ നല്കി അവധിയെടുക്കുന്നവര്‍ക്ക് ഇത് ബാധകമല്ലെങ്കിലും അന്‍വര്‍ അവധിക്ക് അപേക്ഷ നല്‍കാതെയാണ് സഭയില്‍ ഹാജരാകാതിരിക്കുന്നതെന്ന് നിയസഭ സെക്രട്ടേറിയറ്റില്‍ നിന്നുള്ള രേഖ വ്യക്തമാക്കുന്നു.






