
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) യുടെ അധികാര പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത് വിവാദമാകുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും അറസ്റ്റും നടത്തുന്നതിനാണ് കേന്ദ്രം ബി.എസ്.എഫിന് അധികാരം നല്‍കുന്നത്. ഇതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇതിനകം എതിര്‍പ്പുമായി രംഗത്തെത്തി. 'ഇത് ഫെഡറല്‍ സംവിധാനത്തിനു നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന്' ഛന്നി ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ഉള്ളില്‍ വരെ പരിശോധനയ്ക്കും അറസ്റ്റിനുമാണ് അധികാരം നല്‍കിയിരിക്കുന്നത്. നേരത്തെ 15 കിലോമീറ്റര്‍ പരിധിവരെയായിരുന്നു അധികാരം നല്‍കിയിരുന്നത്. പുതിയ ഉത്തരവോടെ പഞ്ചാബില്‍ അമൃത്സര്‍, തന് തരണ്‍, പഠാന്‍കോട്ട് വരെ പരിശോധനയ്ക്ക് കഴിയും. അമൃത്സറിലെ സുവര്ണക്ഷേത്രത്തിലേക്ക് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വാഗയില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രമാണ് ദൂരം. സംസ്ഥാന പോലീസിന്റെ അധികാരപരിധിയില്‍ കടന്നുകയറുന്നതോടെ ഇരുസേനകളും തമ്മിലുള്ള സംഘര്‍ഷ സാധ്യതയും തള്ളിക്കളയാനാവില്ല.
രാജ്യാന്തര അതിര്‍ത്തിയില്‍ 50 കിലോമീറ്റര്‍ വരെ ബി.എസ്.എഫിന്റെ അധികാരപരിധി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിയില്‍ ശക്തമായി അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഫെഡറലിസത്തിനു നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണ്. യുക്തിഹീനമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നു.
കേന്ദ്ര തീരുമാനത്തില്‍ അപലപിക്കുന്നുവെന്ന് പറഞ്ഞ പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജിന്ദര്‍ രണ്ഡാവ, ഇത് ഫെഡറല്‍ സംവിധാനത്തില്‍ മേലുള്ള കടന്നുകയറ്റമാണെന്നും പഞ്ചാബില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാെണന്നും ആരോപിച്ചു. പഞ്ചാബിലെ ജനങ്ങള്‍ ഇത് സഹിക്കില്ല. പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ല. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി രണ്‍ജിത് സിംഗിനെ കടന്നാക്രമിച്ച് പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ രംഗത്തെത്തി. കഴിഞ്ഞയാഴ്ച അമിത് ഷായെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ആയുധ, ലഹരിക്കടത്ത് തടയാന്‍ അതിര്‍ത്തി അടച്ച് പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് എന്താണെന്ന് ശ്രദ്ധവേണമായിരുന്നു. ഇതോടെ പഞ്ചാബിന്റെ ഭൂപ്രകൃതിയില്‍ പകുതിയിലേറെ 25,000 ചതുരശ്ര കിലോമീറ്റര്‍ (ആകെ വിസ്തുതി 50,000 ചതുരശ്ര കിലോമീറ്റര്‍) ബി.എസ്.എഫിന്റെ അധികാരത്തിലായി. പഞ്ചാബ് പോലീസിനെ നിന്ദിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ സുനില്‍ ജാഖറിന്റെ ആരോപണം പഞ്ചാബ് ആഭയന്തരമന്ത്രി തള്ളി. മുഖ്യമന്ത്രി ഒരിക്കലും ബി.എസ്.എഫ് അധികാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിര്‍ത്തിയിലെ കള്ളക്കടത്ത് പിടികൂടണമെന്നാണ് ആവശ്യപ്പെട്ടത്. താനും സുനില്‍ ജാബറും അതിര്‍ത്തി പ്രദേശത്തുനിന്നുള്ളവരാണ്. അദ്ദേഹം അങ്ങനെയൊരു ട്വീറ്റ് ചെയ്യരുതായിരുന്നുവെന്നും മന്ത്രി സുഖ്ജിന്ദര്‍ രണ്ഡാവ പറഞ്ഞു.





