
ന്യൂഡല്‍ഹി: കര്‍ഷകരെ ഭീഷണിപ്പെടുത്തിയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി സംസാരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പഴയ വീഡിയോ പങ്കുവെച്ച് വരുണ്‍ ഗാന്ധി. ലഖിംപുര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി വേണമെന്നാവശ്യപ്പെടുകയും കര്‍ഷക സമരത്തെ പിന്തുണയയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വരുണ്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.
വലിയ മനസുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ വീഡിയോ പങ്കുവെച്ചത്. 1980 ല്‍ കര്‍ഷകര അടിച്ചമര്ത്തുന്നൊരോപിച്ച് ഇന്ദിരാഗാന്ധി സര്‍ക്കാരിന് വാജ്പേയ് മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോ.
'ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക മുന്നേറ്റത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ കര്‍ഷകരുടെ സമാധാനപരമായ മുന്നേറ്റത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും ആ മുന്നേറ്റത്തിന്റെ ഭാഗമാകും' വാജ്പേയി വീഡിയോയില്‍ പറയുന്നു.
Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021
ലഖിംപുര്‍ ഖേരി വിഷയത്തില്‍ ശബ്ദമുയര്‍ത്തിയ ഏക ബിജെപി നേതാവായ വരുണ്‍ ഗാന്ധിയേയും അമ്മ മനേക ഗാന്ധിയേയും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. ലഖിംപുര്‍ വിഷയം വര്‍ഗീയ സംഘര്‍ഷമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പിലിഭിത്ത് എംപിയായ വരുണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.






