
കൂട്ടിക്കല്‍ : പ്ലാപ്പള്ളിയില്‍ ആറ്റുചാലില്‍ വീട്ടില്‍ ഇന്നലെ അലന്റെ പതിനാലാം പിറന്നാളാഘോഷം നടക്കേണ്ടതായിരുന്നു. അമ്മാവന് റെജി അവന് ഏറെ ഇഷ്ടപ്പെട്ട ബ്ലാക്ക് ഫോറസ്റ്റ് കേക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, തീപിടിച്ച മനസുമായി അലനു വേണ്ടി മണ്ണിനടിയില്‍ തെരയാനായിരുന്നു ബന്ധുക്കളുടെ വിധി. നാടാകെ അവനു വേണ്ടി മണ്ണും ചെളിയും നീക്കിയുള്ള തെരച്ചിലിലായിരുന്നു.
കനത്ത മഴയ്ക്കൊപ്പം പൊട്ടിയ ഉരുള്‍ അലനൊപ്പം അമ്മ സോണിയയെയും കൊണ്ടുപോയിരുന്നു. അപകടസമയത്തു പിതാവ് ജോമി സ്ഥലത്തുണ്ടായിരുന്നില്ല. കേക്ക് നല്കി അലനെ ഞെട്ടിക്കാന്‍ പദ്ധതിയിട്ടിരുന്ന റെജിയുടെ പ്രതീക്ഷകളും തകര്‍ന്നു.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ ഛിന്നഭിന്നമായ നിലയില്‍ ഞായറാഴ്ച ലഭിച്ച രണ്ടു മൃതദേഹങ്ങളിലൊന്നു സോണിയയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. സമീപത്തുനിന്നു ലഭിച്ച മൃതദേഹം അലന്റേതാണെന്നു കരുതിയെങ്കിലും മുതിര്ന്നയാളുടേതാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അതോടെ അലനു വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ വീണ്ടും തുടങ്ങി. ഇന്നലെ വൈകിട്ട് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ അലന്റേതെന്നാണു കരുതുന്നത്. സോണിയയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.






