34 വര്‍ഷങ്ങള്‍, ഒടുവില്‍ ആ പുരസ്കാരം എന്നെത്തേടിയെത്തി- സുധീഷ്
34 വര്‍ഷങ്ങള്‍, ഒടുവില്‍ ആ പുരസ്കാരം എന്നെത്തേടിയെത്തി- സുധീഷ്
Authored by ലക്ഷ്മി ബിനീഷ് | Last updated: 19 Oct 2021, 2:55 AM | 9 min read
Sudheesh
‘‘പുതുമഴയായ് പൊഴിയാം...
മധുമയമായ് ഞാന്‍ പാടാം...
ഇങ്ങനെയൊരു പാട്ടുമായി മലയാളി പ്രേക്ഷകമനസ്സിലേക്ക് പെയ്തിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട്, സുധീഷ് സുധാകരന്. കോഴിക്കോടുകാരനായ ഈ ചെറുപ്പക്കാരന് പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിത്യയൗവ്വന കഥാപാത്രങ്ങള്‍ നല്കി പ്രേക്ഷകമനസ്സില്‍ തന്റേതായൊരു ഇടം നേടിയെടുത്തു. 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കലാകാരന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനര്ഹനായി. സിനിമയില്‍ നിന്ന് ഒരിക്കലും വിട്ടകന്നട്ടില്ലാത്ത സുധീഷ്, വ്യത്യസ്തയുള്ള, കരുത്തുറ്റ കഥാപാത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു. കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും സുധീഷ് പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ പയ്യനാണ്. അവാര്‍ഡിന്റെ തിളക്കത്തില്‍ സുധീഷ് മനസ്സു തുറക്കുന്നു, കടന്നു വന്ന വഴികളെക്കുറിച്ച്, കാത്തിരുന്ന പുരസ്കാരത്തെക്കുറിച്ച്, വരാനിരിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച്...
അപ്രതീക്ഷിതമായി എത്തിയ പുരസ്കാരം
സിദ്ധാര്ത്ഥ്ശിവ സംവിധാനം ചെയ്ത എന്നിവര്‍, ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവയിലെ കഥാപാത്രങ്ങള്‍ക്കാണ് എനിക്ക് അവാര്‍ഡ് കിട്ടിയത്. എന്നിവര്‍ എന്ന സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ്. ഭൂമിയിലെ മനോഹര സ്വകാര്യം എന്നതില്‍ നായികയുടെ അച്ഛന്റെ കഥാപാത്രമാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയുള്ള പുരസ്കാരങ്ങള്‍ കിട്ടുക എന്നത് സത്യത്തില്‍ വളരെ വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള അംഗീകാരങ്ങൾ വലിയ കാര്യങ്ങളാണ്. മുനോട്ടുള്ള സിനിമ യാത്രയിൽ, അഭിനയജീവിതത്തിൽ ഒരു വലിയ പ്രചോദനമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. സത്യത്തില്‍ ഇങ്ങനെയൊരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം അവാർഡ് കമ്മിറ്റി പരിഗണിക്കുന്നത് ഏതൊക്കെ സിനിമകളാണെന്നും അതിൽ ആരോടെയൊക്കെ പെർഫോർമൻസ് ഉണ്ടാകുമെന്നും നമുക്കറിയില്ലല്ലോ. നമ്മൾ കണ്ടിട്ടില്ലാത്ത ഒരുപാട് സിനിമകൾ അവാർഡ് കമ്മറ്റിയുടെ മുന്നിലുണ്ടാകും. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നും കൊടുത്തില്ല. പിന്നെ ഞാൻ ചെയ്ത രണ്ടു സിനിമയും, കഥാപാത്രങ്ങളും വളരെ നല്ലതായിരുന്നു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടായിരുന്നു.
കടന്നു പോയ 34 വര്‍ഷങ്ങള്‍
1987 തുടങ്ങി 2021 എത്തി നിൽക്കുമ്പോൾ സിനിമയിൽ നിന്ന് ഞാൻ ഒരിക്കലും അകന്നു മാറിയിട്ടേയില്ല.. സിനിമയും സീരിയലും പ്രോഗാമുകളും ഒക്കെയായി ഞാൻ എന്നും പ്രേക്ഷകർക്ക് ഒപ്പമുണ്ടായിരുന്നു. എങ്കിലും പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ചെറിയൊരു ബ്രേക്ക് എടുത്തതെന്ന്. പക്ഷേ അന്ന് മുതൽ ഇന്ന് വരെ വെള്ളിത്തിരയിൽ ഒരു ഇടവേള എടുത്തതായി എനിക്ക് തോന്നിയിട്ടില്ല.
Sudheesh
ആ സിനിമാ യാത്രയിൽ ഞാനങ്ങനെ സഞ്ചരിക്കുകയായിരുന്നു. യാത്രയിൽ കിട്ടുന്ന വേഷങ്ങളില്‍ ഞാൻ അഭിനയിക്കുന്നു, അത്രയേ ഓർത്തിട്ടുള്ളൂ. ചില സമയങ്ങളിൽ അവസരങ്ങൾ കുറയുമ്പോൾ, ഇതെന്താ ഇങ്ങനെ ? എന്തു പറ്റി ? എന്നൊരു തോന്നലുണ്ടായിട്ടുണ്ട്. അതിനപ്പുറം വിഷമിച്ചിരിക്കുക എന്നൊന്നില്ല. പിന്നീടൊരു സമയം വരുമെന്ന പ്രതീക്ഷയിൽ അങ്ങനെ മുന്നോട്ട് പോകുകയായിരുന്നു. ആ പ്രതീക്ഷ തെറ്റിയതുമില്ല.
പുകച്ചു പുകച്ചു എന്നിലേക്ക് എത്തിയ തീവണ്ടി
ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയെങ്കിലും തീവണ്ടി എന്ന സിനിമയാണ് എനിക്കൊരു ഇമേജ് ബ്രേക്ക് തന്നത്. സിനിമയിൽ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇമേജ് ബ്രേക്ക്. കാരണം ഒരു കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു അഭിനേതാവിൽ നിന്ന് അവർ പ്രതീക്ഷിക്കുക അത്തരം കഥാപാത്രങ്ങളാണ്. ആ രീതിയിലുള്ള കഥാപാത്രങ്ങൾ ജനങ്ങൾക്ക് നൽകാനാണ് സിനിമയുടെ ആൾക്കാർ തീരുമാനിക്കുന്നതും. സിനിമ ഒരു ബിസിനസ് ആയത് കൊണ്ട് അങ്ങനെയേ ചിന്തിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ അത് ബ്രേക്ക് ചെയ്യുക, അങ്ങനെയുള്ള അവസരങ്ങൾ അഭിനേതാക്കളെ തേടി വരുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. തീവണ്ടി അങ്ങനെ എന്നെത്തേടി വന്നതാണ്.
Sudheesh in Theevandi Movie
സംവിധായിക ഫെലിനിയും തിരക്കഥാകൃത്ത് വിനിയുമൊക്കെ തീവണ്ടിയിലെ അമ്മാവന് കഥാപാത്രം എനിക്കു തന്നത് ഞാനത് ചെയ്യുമോ എന്ന് അറിയാതെ പോലുമാണ്. ഞാനതു വരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം അവരെനിക്ക് തന്നു. അങ്ങനെയൊരു ഇമേജ് ബ്രേക്ക്ഞാൻ കാത്തിരുന്നതാണ്, ഒപ്പം ആഗ്രഹിച്ചിരുന്നതും. കാരണം ന്യൂ ജെൻ രീതിയിലേക്ക് സിനിമ ശരിക്കും മാറിയല്ലോ. നാച്വറൽ, റിയലിസ്റ്റിക് ആക്ടിംഗ് എന്ന രീതിയാണ് സിനിമയിലിപ്പോൾ. അത്തരം സിനിമകളിലേക്ക്, സിനിമ കൂട്ടത്തിലേക്ക് എത്തണമെന്ന് ഉള്ളിൽ നല്ല മോഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള അവസരം എങ്ങനെ കിട്ടുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പുതിയ സിനിമാക്കൂട്ടത്തില്‍ നിന്ന് ഇങ്ങനെയൊരു വിളി വരുന്നത്. വളരെ സന്തോഷത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെയും സിനിമയെയും സ്വീകരിച്ചത്.
അച്ഛനും ഞാനും
അച്ഛൻ സുധാകരന് നായര്‍ ഒരു നാടക നടനായിരുന്നു. ഒരു മുഴുവൻ സമയ നാടകനടൻ ആവുക എന്നത് തന്നെയായിരുന്നു അച്ഛന്റെ മനസ്സിനുള്ളിലെ ആഗ്രഹം. നാടകകലയില്‍ അച്ഛന് എന്നും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. എങ്കിലും അച്ഛന് സിനിമകള്‍ കാണുകയും, അതിനെ നന്നായി പിന്തുടരുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ശിവാജി ഗണേശൻ സർ, സത്യൻ സർ എന്നിവരെയൊക്കെ വളരെ ബഹുമാനത്തോടെ അച്ഛന് നോക്കികാണാറുണ്ടായിരുന്നു. അവരൊക്കെ പക്ഷേ സിൽവർ സ്ക്രീന്‍ താരങ്ങൾ ആയിരുന്നല്ലോ. കോഴിക്കോട്ട് നിന്ന് വെള്ളിത്തിരയിലേക്കുള്ള ദൂരം വളരെ കൂടുതലാണ് എന്നായിരുന്നു അച്ഛന്റെ ധാരണ. ആ ധാരണ ഒരുപരിധിവരെ സത്യം തന്നെയായിരുന്നു. കുറെ സിനിമകളില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങള്‍ അച്ഛന് നല്കി. അങ്ങനെ വെള്ളിത്തിര എന്ന ആഗ്രഹം ചില സിനിമകളിലൂടെ അച്ഛന്സാധിക്കാനായെങ്കിലും നാടകം കൊണ്ട് സംതൃപ്തി നേടുക എന്നതായിരുന്നു അച്ഛന്റെ രീതി. അതിൽ അച്ഛൻ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.
Sudheesh with father Sudhakaran
അച്ഛൻ എന്നെയും കൈ പിടിച്ചു കൊണ്ട് വന്നത് വേദികളിലേക്കാണ്. നാടകം, മോണോ ആക്ട് എന്നിവ പഠിപ്പിച്ചാണ് അച്ഛന് എന്നെ വേദികളുമായി അടുപ്പിച്ചത്. സിനിമാമോഹം എന്നതല്ല, ഞാന്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം. സിനിമാനടൻ ആകുക എന്ന ആഗ്രഹം ഇല്ലായിരുന്നു എന്നല്ല. അതുകൊണ്ടാണല്ലോ എനിക്ക്സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛന് അതിനും പിന്തുണ തന്നത്. ‘‘സിനിമാഭിനയം നാടകാഭിനയം എന്നിവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, അത് ഞാൻ പറഞ്ഞു തന്നല്ല നീ സ്വയം മനസ്സിലാക്കി മുന്നോട്ടു പോകണ’’മെന്നതായിരുന്നു അച്ഛൻ പറഞ്ഞു തന്ന ആദ്യ പാഠം. ‘‘നീ ഒരു ഹീറോ ആകണം, സ്റ്റാർ ആകണം, മാർക്കറ്റിംഗ് വാല്യു ഉള്ള ഒരു നടൻ ആകണം’’ എന്നൊന്നും ഒരിക്കലും അച്ഛന് പറഞ്ഞിട്ടില്ല. കിട്ടുന്ന കഥാപാത്രങ്ങൾ നന്നായി പഠിച്ചു ആത്മാർത്ഥമായി ചെയ്യണം എന്നാണ് അച്ഛൻ എന്നും പറഞ്ഞിട്ടുള്ളത്. ഞാൻ സിനിമയിൽ സജീവമായത് കണ്ടു അച്ഛൻ ഒരുപാട് സന്തോഷിച്ചിരുന്നു. ഈ അവാർഡ് എനിക്ക് കിട്ടിയ സമയത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുക അച്ഛനായിരുന്നേനേം, ഉറപ്പ്.
പഴയ തലമുറയും പുതിയ തലമുറയും
മലയാള സിനിമ പ്രേക്ഷകർ സിനിമയെ വളരെ നന്നായി വിലയിരുത്തുന്നവരാണ്. സിനിമകളെ നന്നായി വിമർശിക്കുകയും നോക്കിക്കാണുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മമ്മൂക്ക, ലാലേട്ടൻ എന്നിവരടങ്ങുന്ന പ്രഗല്ഭരായ അഭിനേതാക്കള്‍ ഇത്രയും വർഷം നല്ല അഭിനേതാക്കളായി നിലനിന്നു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. ഇവരൊക്കെ വലിയ കലാകാരന്മാരാണെന്നുള്ളതില് ഒരു സംശയവും വേണ്ട. എന്നുമവര്‍ സ്വയം പോളിഷ് ചെയ്ത് പഴയതിലും മികച്ചതാകാറുണ്ട്. അഭിനയത്തോടുള്ള താത്പര്യം, അല്ലെങ്കില്‍ പാഷന് കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. അഭിനേതാവെന്നു പറഞ്ഞാല്‍ ഏതു രീതിയിലും ഫ്ളെക്സിബിളാകണമല്ലോ. ചില സിനിമകളില്‍ റിയലിസ്റ്റിക് ആകണം, എന്നാല്‍ ചില സിനിമകളില്‍ ഡ്രാമാറ്റിക് ആകണം. അതൊക്കെ ചെയ്യാനുള്ള മനസ്സും താത്പര്യവും കൊണ്ടാണല്ലോ അവരിന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി നിലനില്‍ക്കുന്നത്. പുതു തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പം ഇവര്‍ ഇന്നുമുണ്ട്. അത് തന്നെ വലിയൊരു കാര്യമല്ലേ. ഈ കലാകാരന്മാര്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് തന്നെ വലിയ ഭാഗ്യം. തിലകന് ചേട്ടന്, നെടുമുടി ചേട്ടന് എന്നിങ്ങനെ മണ്മറഞ്ഞു പോയ വലിയ കലാകാരന്മാര്ക്കൊപ്പവും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് പുണ്യമായി ഞാൻ കരുതുന്നു. സുധീഷ് ഓരോരുത്തര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും കിട്ടുന്ന അറിവുകള്‍ വളരെ വലുതാണ്. എന്നിലെ കലാകാരനെ വളർത്താൻ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്.
Sudheesh
പുതിയ തലമുറയിലെ അഭിനേതാക്കളുടെ കാര്യം പറയാനാണെങ്കില്‍ അവർ വളരെ സീരിയസായി സിനിമയെ കാണുന്നവരാണ്. പിന്നെ അവര്‍ക്കുള്ള വെല്ലുവിളി പഴയ തലമുറയിലെ അഭിനേതാക്കള്‍ ചെയ്തു മികച്ചതാക്കിയ കഥാപാത്രങ്ങള്‍ തന്നെയാണ്. അതിലും മികച്ചത് നല്കാന് ഇന്നത്തെ തലമുറ ഒരുപാട് പ്രയത്നിക്കുന്നുണ്ട്. അതിനു വേണ്ടിയുള്ള അവരുടെ എഫര്‍ട്ടാണ് അവരിലെ കലാകാരന്റെ വിജയം. സിനിമയെ മനസ്സു തുറന്ന് സ്നേഹിക്കുന്ന, അതിനെക്കുറിച്ച് ഗഹനമായി പഠിക്കുന്നവരാണ് പുതു തലമുറയിലെ അഭിനേതാക്കള്‍. അഭിനയത്തോടൊപ്പം സിനിമയുടെ മറ്റ് മേഖലകളെയും അവര്‍ ഇഷ്ടപ്പെടുന്നുണ്ട്, അറിയാന്‍ ശ്രമിക്കുന്നുണ്ട്. കഷ്ടപ്പെടാന്‍ തയ്യാറുള്ള മനസ്സുും അവര്‍ക്കുണ്ട്. ഒരുപാട് കഴിവുകളുള്ള കലാകാരന്മാരാണ് ഇന്നത്തെ തലമുറയിലുള്ളത്.
മമ്മൂക്കയും ലാലേട്ടനും പിന്നെ ഞാനും
ആദ്യ സിനിമ ‘അനന്തര’ത്തില്‍ അഭിനയിച്ചതും മമ്മൂക്കയ്ക്കൊപ്പമാണ്. അന്നു പിന്നെ സിനിമ പോയിട്ട് ക്യാമറ എന്താണെന്ന് പോലുമറിയില്ല. അടൂര്‍ സാര്‍ പറയുന്നതു പോലെ അഭിനയിക്കുക എന്നതു മാത്രമാണ് ഞാനതില്‍ ചെയ്തത്. അദ്ദേഹത്തിന് വേണ്ട കഥാപാത്രത്തെ എന്നില്‍ നിന്ന് ഒപ്പിയെടുത്തു എന്നതാണ് അനന്തരത്തില്‍ സംഭവിച്ചത്. അദ്ദേഹമാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നത് എന്ന് പറയാം. അതു കഴിഞ്ഞാണ് മുദ്രയില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന ത്രില്ലില്ലായിരുന്നു മുദ്രയില്‍. സിബി സാര്‍ (സംവിധായകന് സിബി മലയില്‍) എന്നെ സജസ്റ്റ് ചെയ്തപ്പോള്‍ പൂര്‍ണ്ണ സമ്മതത്തോടെ മമ്മൂയ്ക്കയതിന് സമ്മതം പറഞ്ഞുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞിരുന്നു. പാട്ട് പാടി അഭിനയിക്കുന്നത് ആ സിനിമയിലാണ്. ലാലേട്ടനൊക്കെ സിനിമയില്‍ പാടി അഭിനയിക്കുന്നത് കണ്ട് ഞാന്‍ സത്യത്തില്‍ നോക്കിയിരുന്നിട്ടുണ്ട്. ആ എനിക്ക് രണ്ടാമത്തെ സിനിമയില്‍ പാടി അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, അതും മമ്മൂയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് സന്തോഷം ഇരട്ടിയാക്കി.
എനിക്കാണെങ്കില്‍ ശരിക്കും പാട്ട് പാടാനറിയില്ല. ഇതെങ്ങനെ ചിത്രീകരിക്കുമെന്നതു പോലും എനിക്കറിയില്ല. എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ എന്നോട് പാടാന്‍ പറഞ്ഞു. ശരിക്കും പാടണോ എന്നൊക്കെ ഞാനപ്പോള്‍ ആശങ്കപ്പെട്ടു. പിന്നീടാണ് പറയുന്നത് അവിടെ സ്പീക്കര്‍ വച്ചിട്ടുണ്ട്, ഞാന്‍ ലിപ്പ് കൊടുത്താല്‍ മാത്രം മതിയെന്ന്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘‘ നീ ഉറക്കെ ധൈര്യമായി പാടിക്കോ, നീ പാടുന്നത് ഒന്നും പുറത്തേക്ക് കേള്‍ക്കില്ല. കാരണം ആ സ്പീക്കറില്‍ നിന്ന്നല്ല ഉച്ചത്തിലാണ് പാട്ട് കേള്‍ക്കുന്നത്. മനസ്സു തുറന്ന് ശബ്ദമെടുത്ത് നീ പാടിയാല്‍ ആ പാട്ടിന്റെ എക്സ്പ്രെഷന്‍ പൂര്‍ണ്ണമായും കിട്ടും.’’ എന്ന്. അങ്ങനെയൊരു ഉപദേശം എന്റെ പിന്നീടുള്ള അഭിനയജീവിതത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നീട് പാട്ടു സീനിലൊക്കെ അഭിനയിക്കുമ്പോള്‍ ആ പാഠം മനസ്സിലുണ്ടായിരുന്നു.
Sudheesh with kunjakko boban
സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഒരുപാടുണ്ട്. എങ്കിലും സിനിമാ സൗഹൃദങ്ങളില്‍ സാധാരണ ഒരു കണ്ഡിന്വേഷന് ഉണ്ടാകാറില്ല. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് പോകുമ്പോള്‍ പുതിയ സൗഹൃദങ്ങളുണ്ടാകും. എങ്കിലും ഞാന്‍ എല്ലാവരുമായി നല്ലൊരു അടുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അതില്‍ ചിലരോട് സംസാരിച്ചിരിക്കാനും ഇടപഴകാനുമൊക്കെ കൂടുതല്‍ താത്പര്യം തോന്നാറുണ്ട്. ആരോടും വിദ്വേഷമൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരുപാട് സുഹൃത്തക്കളുള്ളതു കൊണ്ട് ഒരാളിന്റെ പേരെടുത്ത് പറയാന്‍ കഴിയില്ല. എന്റെ തുടക്കക്കാലത്ത് സിനിമയില്‍ പരിചയപ്പെട്ട എല്ലാ സഹതാരങ്ങളോടും ഇപ്പോഴും നല്ല അടുപ്പമുണ്ട്. ബൈജുവൊക്കെ അതില്‍ പെടുന്നയാളാണ്. ‘മുദ്ര’യിലാണ് ഞാനും ബൈജുവും തമ്മില്‍ പരിചയപ്പെടുന്നത്. ഞാന്‍ കാണുന്ന സമയത്ത് ബൈജു സ്റ്റാറായിക്കഴിഞ്ഞിരുന്നു. ഈയടുത്തും ഞങ്ങള്‍ രണ്ടു മൂന്നു സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍. ഈ 34 വര്‍ഷങ്ങളില്‍ കൂടി ഞാന്‍ കടന്നു പോയ സിനിമാസൗഹൃദങ്ങളില് ഒരാളിന്റെ പേര് മാത്രം എടുത്തു പറയാന്‍ കഴിയുന്നതല്ല.
കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കണം
മാറ്റങ്ങളിലൂടെ സഞ്ചരിച്ച് പുതിയ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. ചില സിനിമകളില്‍ മാത്രമേ അങ്ങനെ കിട്ടൂ. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. സിനിമകളില്‍ തന്നെ ഒരുപാട് വ്യത്യാസങ്ങള്‍ വന്നു, അത് അഭിനയരീതിയെയും വ്യത്യാസപ്പെടുത്തി. ആ വ്യത്യാസങ്ങളില്‍ കൂടി സഞ്ചരിക്കണമെന്നുണ്ട്. ടൈപ്പ്കാസ്റ്റ് ചെയ്യുന്നതിനോട് വലിയ താത്പര്യമില്ല. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. കാഴ്ചയില്‍ പേടി തോന്നാത്ത, ലുക്ക് പോലും മാറിയ വില്ലന്മാര് ആണല്ലോ ഇപ്പോഴുള്ളത്.
ഹാസ്യവേഷങ്ങള്‍ പ്രതിഫലിക്കാന്‍ പ്രായസമാണ്. പ്രേക്ഷകര്‍ ഉള്ളു തുറന്നു ചിരിച്ചില്ലെങ്കില്‍ നമ്മള് ചെയ്യുന്ന ഹാസ്യ കഥാപാത്രം ഫ്ളോപ്പാകും. പക്ഷേ ഇന്നത്തെക്കാലത്ത് ഹാസ്യം വരുന്നത് സിറ്റ്വേഷന് അനുസരിച്ചാണ്. കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയും മാനറിസങ്ങളിലൂടെയുമാണ് പ്രേക്ഷകര്‍ ചിരിക്കുന്നത്. അതുകൊണ്ട് സിറ്റ്വേഷന് ക്രിയേറ്റ് ചെയ്യുക എന്നതാണ് ആദ്യത്തെ വെല്ലുവിളി. കറക്ട് മീറ്ററില്‍, കറക്ട് സിറ്റ്വേഷനില്‍ വരുന്ന ചില സംഭാഷണങ്ങള്‍ ഹ്യൂമറായി മാറുകയാണ് ചെയ്യുന്നത്. പറയുന്ന രീതിയില്‍ ഹ്യൂമറുണ്ടെങ്കില്‍ പ്രേക്ഷകര്‍ ചിരിക്കും. അത് വര്‍ക്കൗട്ടായില്ലെങ്കില്‍ വമ്പന്‍ പരാജയമായി മാറുകയും ചെയ്യും. എന്നു കരുതി ഹ്യൂമറല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നല്ല. എല്ലാത്തരം കഥാപാത്രങ്ങള്‍ ചെയ്യാനും അത് നന്നായി അവതരിപ്പിക്കാനും അതിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടാനും ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് ആസ്വദിച്ച് വ്യത്യസ്ത കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുക എന്നതാണ് എന്നും എപ്പോഴും എന്റെ ആഗ്രഹം. ആദ്യ സിനിമ ‘അനന്തര’ ത്തിൽ അഭിനയിക്കുമ്പോൾ ക്യാമറ എന്താണെന്ന് പോലും എനിക്കറിഞ്ഞുകൂടായിരുന്നു. ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കാൻ പറഞ്ഞു, ഞാൻ അഭിനയിച്ചു. ഇത്രയും വർഷം കഴിഞ്ഞ് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയപ്പോള്‍ ഞാനതിനോട് വളരെ ഇൻവോൾവ്ഡായി. ആ ഇന്വോള്വമെന്റാകാം എന്നിലെ കലാകാരന് ഇത്രയും നാള് പ്രതീക്ഷിച്ചത്.
Sudheesh with Family
മൂത്തമകന് രുദ്രാക്ഷ്, ഇളയമകന് മാധവ് ഇവരൊക്കെയാണ് എന്റെ ഏറ്റവും വലിയ ശക്തികള്‍. അവാര്‍ഡ് കിട്ടിയതില്‍ എന്റെയത്രയും എക്സൈറ്റ്മെന്റ് ഭാര്യയ്ക്കും മക്കള്ക്കുമൊന്നുമില്ല. എങ്കിലും അവര്‍ക്ക് വളരെ സന്തോഷമുണ്ട്, അതവര് പ്രകടമാക്കുന്നുമുണ്ട്. മകന് രുദ്രാക്ഷ്, കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ് ലോ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നല്ലോ. സിനിമയെ അവന് ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഭിനയത്തെ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളെയും ഇഷ്ടപ്പെടുന്ന ആളാണവന്‍. അവന് എനിക്ക് ഒരുപാട് സിനിമകള്‍ കാണിച്ചു തരാറുണ്ട്. മറ്റ് ഭാഷകളിലെ സിനിമകള്‍ കാണാന്‍ അവനാണെനിക്ക് കൂടുതല്‍ പ്രചോദനം തരുന്നത്. അവാര്‍ഡിലേക്കുള്ള വഴി പോലും ഒരുപക്ഷേ അവനിലൂടെയാണെന്ന് പറയാം.
പ്രേക്ഷകരോട് ഹൃദയം നിറഞ്ഞ നന്ദി മാത്രം
പ്രേക്ഷകരോടാണല്ലോ എല്ലാം പറയാനുള്ളത്. ഈ 34 വര്‍ഷം സിനിമയില്ലാതെ ഒരു വര്‍ഷം പോലും എന്നിലൂടെ കടന്നു പോകാതിരുന്നത് പ്രേക്ഷകരുടെ പ്രോത്സാഹനം കൊണ്ടു മാത്രമാണല്ലോ. ഒരു സമയത്ത് ഇമേജ് ബ്രേക്ക് വന്നതും ഈ പുരസ്കാരം കിട്ടിയതും ഇവിടെത്തന്നെ നിന്നതു കൊണ്ടാണ്. ഒരു നടനെ സംബന്ധിച്ച് കാഴ്ചക്കാരാണ് പ്രധാനം. പ്രേക്ഷകര്‍ക്ക് മടുക്കാതിരിക്കുക, നമ്മളുടെ കഥാപാത്രങ്ങളെ അവര്‍ ആവശ്യപ്പെടുക എന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവരെ കാണുമ്പോഴാണ്, പ്രോത്സാഹനം കിട്ടുമ്പോഴാണ് അഭിനേതാക്കള്‍ക്ക് വെള്ളിത്തിരയില്‍ നിലനില്ക്കാന് കഴിയുന്നത്.
Sudheesh
ഇനിയിപ്പോള്‍ റിലീസാകാനുള്ള ‘കനകം കാമിനി കലഹം, ലളിതം സുന്ദരം, സത്യം മാത്രമേ ബോധിപ്പികൂ, പടയോട്ടം എന്നിങ്ങനെയുള്ള സിനിമകളില്‍ എനിക്കുള്ളത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ്. ചെറിയ വേഷങ്ങളുള്ള കുറുപ്പ്, കുഞ്ഞെല്‍ദോ ഒക്കെയും റിലീസാകാനുണ്ട്. ഇപ്പോഴും ഇവിടെ നിലനില്ക്കാന് കഴിയുന്നതും നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതും പ്രേക്ഷകരുടെ മനസ്സില്‍ ഒരിടമുള്ളതു കൊണ്ടാണ്. എന്നും അവരോട് എനിക്ക് നന്ദിയും കടപ്പാടും മാത്രമാണുള്ളത്.
ഫാസില്‍ സാറിന്റെ ‘മണിച്ചിത്രത്താഴില്‍’ അഭിനയിക്കുമ്പോഴാണ് ലാലേട്ടനുമായി ആദ്യമായി സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നത്. എന്നെപ്പോലെ എല്ലാ നടീനടന്മാരുടെയും മോഹമാണല്ലോ മമ്മൂയ്ക്കൊപ്പവും ലാലേട്ടനുമൊപ്പവും അഭിനയിക്കുക എന്നത്. ‘മണിച്ചിത്രത്താഴി’ല്‍ ഞാന്‍ ജോയിന്‍ ചെയ്ത് 15 ദിവസത്തോളം ലാലേട്ടന് ഇല്ലായിരുന്നു. ഞാനാണെങ്കില്‍ ലാലേട്ടനെ കാണാന്‍ വേണ്ടി കാത്തിരിക്കുകയുമായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അസോസിയേറ്റിനെ വിളിച്ച് എന്റെ സീനൊക്കെ ചോദിക്കുമായിരുന്നു. ‘നീ ഒന്ന് സമാധാനപ്പെട്, ലാലേട്ടന് വരട്ടെ, അപ്പോഴാണ് നിന്റെ വേഷം ശരിക്കും തുടങ്ങുക ’ എന്ന് പറഞ്ഞ് പുള്ളി ആശ്വസിപ്പിക്കും. അങ്ങനെ അവസാനം ലാലേട്ടന് വന്നു. പിന്നെന്താ പറയുക, അതൊരു വല്ലാത്ത എക്സ്പീരയന്സായിരുന്നു. നമ്മള് അദ്ദേഹത്തോടൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് അറിയാതെയങ്ങ് അഭിനയിച്ചു പോകും. അതാണ് ലാലേട്ടന്റെ രീതി. അഭിനയത്തിലെ ഗീവ് ആന്‍ഡ് ടേക്ക് എന്ന രീതി അദ്ദേഹത്തില്‍ നിന്ന് കൂടെ അഭിനയിക്കുന്നവര്‍ക്ക് പെട്ടെന്ന്കിട്ടും. ലാലേട്ടന് നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുമ്പോഴൂം കൈയിലൊക്കെ പിടിച്ച് അഭിനയിക്കുമ്പോഴും ഒരു മാഗ്നെറ്റിക് ഷീല്‍ഡ് ആണ് ചുറ്റും. സഹതാരങ്ങളെ പോലും അഭിനയിപ്പിക്കാന്‍ കഴിയുന്ന ഒരു തരം മാജിക്, വിസ്മയം എന്നൊക്കെ അതിനെ പറയാം.
മമ്മൂയ്ക്കൊപ്പവും ലാലേട്ടനൊപ്പവും അഭിനയിക്കുന്ന സിനിമകള്‍ ഹിറ്റാകുമ്പോഴാണല്ലോ നമ്മുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുക. മമ്മൂയ്ക്കയുടെയോ ലാലേട്ടന്റെയോ അനിയന് വേഷം ചെയ്യുമ്പോഴാണല്ലോ പ്രേക്ഷകര്‍ക്കിടയില്‍ നമുക്ക് റീച്ച് കിട്ടുന്നത്. അങ്ങനെ ശ്രദ്ധിക്കപ്പെട്ട പല കഥാപാത്രങ്ങളും ഇക്കാലയളവില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതുമൊരു ഭാഗ്യം.
എന്റെ സ്വന്തം കുഞ്ചാക്കോ
ചാക്കോച്ചനുമായി നല്ലൊരു ആത്മബന്ധം തന്നെയുണ്ട്. സിനിയ്ക്കകത്തും പുറത്തുമുള്ള ആത്മാര്‍ത്ഥ സുഹൃത്താണ് ചാക്കോച്ചന്. ചാക്കോച്ചന് ഒരു സൂപ്പര്‍സ്റ്റാറാണ്. എനിക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമറിയിച്ച് ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ എഴുതിയ വരികള്‍ കണ്ടപ്പോള്‍ എന്താണ് പറയേണ്ടതെന്നോ എന്താണ് മനസ്സില്‍ തോന്നിയതെന്നോ അറിയില്ല. നന്ദി പറയേണ്ട കാര്യമില്ല, കാരണം ഞങ്ങള്‍ സുഹൃത്തുക്കളാണല്ലോ. എന്നാലും നന്ദി ചാക്കോച്ചാ, കാരണം ഒരുപാട് പേര് കാണുന്നതാണത്. മനസ്സില്‍ തട്ടി, അത്രയും സിന്‍സിയറായി എഴുതിയതാണത്. നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് ചാക്കോച്ചന്. അദ്ദേഹം നടന് എന്നതിലുപരി നല്ല ഒരു വ്യക്തി കൂടിയാണ്, അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രകടമാകുന്നത് സത്യസന്ധമായ ആ വ്യക്തിത്വമാണ്. മനസ്സു തുറന്ന് അഭിനന്ദിക്കാനും നല്ലത് പറയാനും ചാക്കോച്ചനെന്ന വ്യക്തിക്ക് യാതൊരു മടിയുമില്ല.
എന്നും എപ്പോഴും സിനിമ
സിനിമല്ലാതെ മറ്റേതെങ്കിലും പ്രൊഫഷന് താത്പര്യപ്പെടാന്‍ അവസരം കിട്ടിയില്ല എന്നു വേണം പറയാന്‍. പണ്ടൊക്കെ സിനിമ എന്നത് ശാശ്വത വരുമാനമായി പറയാറില്ലല്ലോ. സിനിമാനടന് എന്ന് പറയുമ്പോള്‍ പണ്ടൊക്കെ തിരിച്ചൊരു ചോദ്യം വരും,‘അതൊക്കെ അവിടെ നില്ക്കട്ടെ, എന്താണ് ശരിക്കുള്ള ജോലി’ എന്ന ചോദ്യം. അതുകൊണ്ടാണ് ഡിഗ്രി വരെ പഠിച്ചത്. ഒരു സ്ഥിരവരുമാനം വേണമെന്നുള്ളത് കൊണ്ടാണ് പഠിച്ചൊരു ജോലിക്ക് ശ്രമിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടു തന്നെ അത്യാവശ്യം നല്ല മാര്‍ക്കോടെ പാസ്സാകുകയും ചെയ്തിരുന്നു. അന്നെനിക്ക് ഒപ്പമുണ്ടായിരുന്ന നാലഞ്ചു സുഹൃത്തുക്കളും ഞാനും ഒരുമിച്ച് എം.സി.എ എടുത്ത് എന്‍ജിനീയര്‍ ആകാമെന്നൊരു തീരുമാനത്തിലെത്തി. എങ്കിലും സിനിമ തന്നെയായിരുന്നു മനസ്സില്‍. മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് എം.സി.എയ്ക്ക് ചേരാന്‍ തീരുമാനിക്കുന്ന സമയത്താണ് എനിക്ക് മണിച്ചിത്രത്താഴിലേക്ക് ഓഫര്‍ വന്നത്. അത് റിലീസ്സായ ശേഷം ഒരുപാട് സിനിമാ ഓഫറുകള്‍ വന്നു. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹം മനസ്സിലുള്ളതു കൊണ്ട് എം.സി.എ ഉപേക്ഷിച്ചു. പിന്നെ സിനിമയുടെ ഒഴുക്കില്‍ അങ്ങനെയങ്ങ് പോയി. സിനിമ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനൊരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ഒക്കെ ആയേനേം. സിനിമ എന്നുമൊരു പാഷനായിരുന്നതു കൊണ്ട് മറ്റ് ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടമൊന്നുമില്ല. എന്നും സിനിമ തന്നെയായിരുന്നു എന്റെ സ്വപ്നം. സിനിമ എന്നെത്തേടി വന്നപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനായി എന്നു മാത്രം. പിന്നെ എന്റെ ഒരു അഭിപ്രായം വച്ച്, സിനിമയാണെങ്കിലും മറ്റെന്താണെങ്കിലും താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുക. അതില്‍ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടേണ്ടി വരും. എങ്കിലും താത്പര്യത്തോടെ, പൂര്‍ണ്ണമനസ്സോടെ അംഗീകരിച്ച് ചെയ്താല്‍ ഉറപ്പായും വിജയം കൈവരിക്കുമെന്നതില്‍ യാതൊരു സംശയമില്ല.
കുടുംബമെന്ന ശക്തി
സിനിമയിലുള്ളവര്‍ക്ക് വിവാഹമെന്ന ചിന്ത വരുമ്പോള്‍ ആദ്യം നേരിടേണ്ടി വരുന്നത് ശാശ്വതമായ വരുമാനമില്ലല്ലോ എന്ന ചോദ്യത്തെയാണ്. ഞാന്‍ പിന്നെ 30 വയസ്സു വരെ അങ്ങനെയൊരു ചിന്ത പോലും മനസ്സില്‍ കൊണ്ടു വന്നിട്ടില്ല. അച്ഛനാണെങ്കിലും പറഞ്ഞിരുന്നത്,30 വയസ്സു വരെ നീ അടിച്ചു പൊളിച്ചു ജീവിക്കെടാ’ എന്നാണ്. വിവാഹമെന്ന ചിന്ത വന്നപ്പോള്‍ ഒട്ടും അറിയാത്ത ആളിനെക്കാളും വ്യക്തിപരമായി അറിയുന്നവര്‍ മതിയെന്നു തീരുമാനിച്ചു. ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടല്ലോ എന്നു കരുതിയാണ് അങ്ങനെ ആലോചിച്ചത്. അങ്ങനെയൊരു കുടുംബത്തെ കണ്ടെത്തിയപ്പോള്‍
ധന്യയെ ഞാന്‍ കൂടെ കൂട്ടി. നല്ലൊരു സിനിമാ ആസ്വാദക മാത്രമല്ല എന്റെ സിനിമകളുടെ ഒരു നല്ല വിമര്‍ശക കൂടിയാണ് അവള്.