
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റ ആറാം ചരമവാര്‍ഷികത്തില്‍ നടന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹോദരി ശ്വേത സിങ് കീര്‍ത്തി. സുശാന്തിന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുളള വൈകാരികമായ ഒരു കുറിപ്പാണ് ശ്വേത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
'ആറ് വര്‍ഷങ്ങള്‍. സമയം കടന്നുപോയി, എങ്കിലും ചില ആത്മാക്കള്‍ സമയത്തേക്കാള്‍ വലുതായി വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് ഭായിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അദ്ദേഹം നമ്മെ എങ്ങനെ വിട്ടുപോയി എന്നല്ല, മറിച്ച് അദ്ദേഹം എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നാണ് ഞാന്‍ ഓര്‍ക്കുന്നതെന്ന് ശ്വേത കുറിച്ചു.
കുട്ടിക്കാലത്തെപ്പോലെയുളള അദ്ദേഹത്തിന്റെ കൗതുകവും, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും മനുഷ്യ മനസ്സിന്റെ രഹസ്യങ്ങളോടും ഉളള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം എന്നിവയാണ് ഞാന്‍ ഓര്‍ക്കുന്നത്. ആളുകള്‍ ആരായാലും അവരെ അന്തസ്സോടെ പരിഗണിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്.
സ്നേഹം സമയത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഭൗതികശരീരം നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞാലും ഒരു നല്ല ആത്മാവിന്റെ സ്വാധീനം എണ്ണമറ്റ ജീവിതങ്ങളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കും. ദേഷ്യത്തിന് പകരം ദയയും, അജ്ഞതയ്ക്ക് പകരം അറിവും, നിരാശയ്ക്ക് പകരം പ്രതീക്ഷയും തിരഞ്ഞെടുക്കുമ്പോഴെല്ലാം സുശാന്ത് പ്രതിനിധീകരിച്ച മൂല്യങ്ങള്‍ ജീവിക്കുകയാണെന്നും അവര്‍ പറഞ്ഞു. ദുഃഖമല്ല, മറിച്ച് അദ്ദേഹം ജീവിച്ച മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നതാണ് സുശാന്തിന് നല്കാന് കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയെന്ന് ശ്വേത പറഞ്ഞു.






