
കൊച്ചി: നടി അന്‍സിബ ഹസന് തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ടിനി ടോമിന്റെ ആരോപണം വ്യജ പ്രചാരണമാണെന്ന് പോലീസിന് മൊഴി നല്കി പ്രൊഡക്ഷന്‍ കണ്ട്രോളര് രാജീവ് കുടപ്പനക്കുന്നിന്റെ മകന് ശ്രീ കൈലാസ്. കടവന്ത്ര പോലീസിനാണ് ശ്രീ കൈലാസ് മൊഴി നല്‍കിയിരിക്കുന്നത്.
രാജീവ് കുടപ്പനക്കുന്നിനെയും ശ്രീകൈലാസിനെയും മതം മാറ്റാന്‍ താന്‍ ശ്രമിച്ചുവെന്ന് ടിനി ടോം വ്യാപകമായി പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍സിബയുടെ പരാതി. ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. മുന്‍പ് അന്‍സിബയുടെ മൊഴിയും പോലീസ് എടുത്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുടിയായ നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സംഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഇതിലാണ് നീന കുറുപ്പിന്റെ മൊഴി പോലീസ് എടുത്തിരിക്കുന്നത്.
ജൂണ്‍ ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിടുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.






