
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അത്യാവശ്യ കാര്യം ചെയ്യാന്‍ പോലും ചില്ലറ കയ്യിലില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കിംഗ് ഫിഷര്‍ ഉള്‍പ്പെടെ കോടികള്‍ കടക്കാരായ ഇന്ത്യയിലെ 66 വമ്പന്മാരുടെ വായ്പ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളുന്നതായി റിപ്പോര്‍ട്ട്. തിരിച്ചടവ് ഇല്ലാത്ത 100 കടക്കാരുടെ 80 ശതമാനത്തോളം വരുന്ന 7000 കോടി രൂപയാണ് എഴുതിത്തള്ളുന്നത്.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഈ അക്കൗണ്ടുകള്‍ എല്ലാം തന്നെ ബാങ്ക് അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് (എയുസിഎ) പരിധിയിലാക്കി. കിംഗ്ഫിഷര്‍ തലവന്‍ വിജയ് മല്യയുടെ വായ്പ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മൊത്തം 7,016 കോടിയോളം വരുന്ന കടത്തില്‍ 63 അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളും. 31 എണ്ണം ഭാഗികമായും എഴുതിത്തള്ളുമ്പോള്‍ ആറ് എണ്ണം നോണ്‍ പെര്‍ഫോമിംഗ് അസറ്റിന്റെ പരിധിയിലാക്കും. ജൂണ്‍ 30 വരെ 48,000 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. 1,201 കോടി കടമുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്. അതേസമയം കടം എഴുതിത്തള്ളുന്ന വിവരവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചിട്ട് ബാങ്കോ കട്ടക്കാരില് പെട്ട കമ്പനികളോ പ്രതികരിച്ചിട്ടില്ലെന്നും വിവരമുണ്ട്.
596 കോടി കടക്കാരാ കെഎസ് ഓയില്‍, 526 കോടിയുള്ള സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍, 400 കോടി കടക്കാരായ ഗെറ്റ് പവര്‍, 376 കോടിയുള്ള സായ് സിസ്റ്റം എന്നിവരാണ് എഴുതിത്തള്ളിയ കടക്കാരില്‍ പ്രമുഖര്‍. കടക്കാരില്‍ കിംഗ് ഫിഷറിന് 17 ബാങ്കുകളില്‍ ആയി 6,963 കോടിയാണ് കടം. നേരത്തേ മല്യയുടെ ഗോവയിലെ കിംഗ് ഫിഷര്‍ വില്ല വില്‍പ്പന നടത്താന്‍ ബാങ്ക് ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ല.






