
ഗായിക ശ്രേയാ ഘോഷാലിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സിദ്നാസ് ആരാധകര്‍ കാത്തിരുന്നതാണ്. ഹിന്ദി ബിഗ് ബോസ് സീസണ് 13 വിജയിയായ സിദ്ധാര്‍ത്ഥ് ശുക്ലയുടെ അകാരമരണം കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. ടി.വി പ്രേക്ഷകരുടെ മാത്രമല്ല സിനിമാപ്രേക്ഷകരുടെയും ഇഷ്ടതാരമായിരുന്നു സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിനൊപ്പം ബിഗ് ബോസിലുണ്ടായിരുന്ന ഷെഹനാസ് ഗില്‍ ഇതെങ്ങനെ സഹിക്കുമെന്നതായിരുന്നു ആരാധകരുടെ ആശങ്ക. ആ റിയാലിറ്റി ഷോയിലൂടെ അവര്‍ രണ്ടാളും അത്ര കണ്ട് പ്രണയത്തിലായിരുന്നു. ഇവരുടെ നിഷ്കളങ്കമായ പ്രണയവും സുന്ദരനിമിഷങ്ങളും ആരാധകര്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. പിന്നീട് പല ഷോകളിലും ഒരുമിച്ചെത്തി അവര്‍ ആരാധകരുടെ മനം കവര്‍ന്നു. ബിഗ് ബോസിന് ശേഷമാണവര്‍ സിദ്ധാര്‍ത്ഥ്-ഷെഹനാസ് പേരില്‍ നിന്ന് സിദ്നാസ് എന്ന ഒറ്റപ്പേരിലേക്ക് പോലും എത്തിയത്.സിദ്നാസിന്റെ പുതിയ ഗാനആല്ബത്തിലെ പാട്ടാണ് ശ്രേയ ഘോഷാല്‍ തന്റെ ഇന്‍സ്റ്റ പേജിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിച്ചത്. ഹാബിറ്റ് എന്ന ഈ മ്യൂസിക് വീഡിയോ ശരിക്കും സത്യസന്ധനായ, നിഷ്കളങ്കനായ വെള്ളിത്തിരയെ സ്നേഹിച്ചിരുന്ന സിദ്ധാര്‍ത്ഥിനുള്ള ആദരാഞ്ജലി കൂടിയാണ്.
സിദ്ധാര്‍ത്ഥും ഷെഹനാസും ഒരുമിച്ച് അഭിനയിച്ച പാട്ടിന്റെ പൂര്‍ത്തിയാകാത്ത ഫൂട്ടേജാണ് ‘ഹാബിറ്റ്’ . ബീച്ചില്‍ വച്ച് ചിത്രീകരിച്ച പാട്ടിന്റെ ബാക്കി ഭാഗം ഷെഹനാസ് ഒറ്റയ്ക്കാണ് പൂര്‍ത്തിയാക്കിയത്. അതില്‍ സിദ്ധാര്‍ത്ഥിനെ ഓര്‍ത്തു കൊണ്ടുള്ള ഷെഹനാസ് ഒറ്റയ്ക്ക് പാടുന്നതായാണ്. ഇതിനൊപ്പം ബിഹൈന്‍ഡ് ദ സീന്‍സില്‍ ഇവര്‍ രണ്ടുപേരും ഒരുമിച്ചുള്ള ചില സുന്ദര നിമിഷങ്ങളുമുണ്ട്. ‘‘ആയിരക്കണക്കിന് സിദ്നാസ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന, ആവശ്യപ്പെട്ടിരുന്ന ഗാനമാണിത്. ഇവരുടെ വഴിയില്‍ തടസ്സം നില്ക്കാന് ഞങ്ങള്‍ ആരാണ്? #HABIT നിങ്ങളുടെ മുന്നിലെത്തുന്നു.’’ ഇങ്ങനെയൊരു ക്യാപ്ഷന്‍ നല്‍കിയാണ് ശ്രേയ ഇന്സറ്റയില് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഹാബിറ്റി’ന് മുമ്പ് നല്‍കിയിരുന്ന പേര് ‘അധൂരാ’ എന്നായിരുന്നു. പാട്ട് റിലീസാകുന്നതിന് കുറച്ചു ദിസങ്ങള്‍ക്കു മുമ്പ് ‘‘ ഏക് അധൂരാ ഗാനാ,എക് അധൂരി കഹാനി, എ സിദ്നാസ് സോംഗ് (ഒരു പൂര്‍ത്തിയാകാത്ത പാട്ട്, ഒരു പൂര്‍ത്തിയാകാത്ത ഒരു കഥ, ഒരു സിദ്നാസ് പാട്ട് )’’എന്ന ക്യാപ്ഷനും നല്കി ശ്രേയ പോസ്റ്റ് ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണശേഷം ആ വിഷമത്തില്‍ ആഴ്ചകളോളം ഷെഹനാസ് പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അമ്മയുടെ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ വളരെ വേദനയോടെ ഷെഹനാസ് ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. തന്റെ ആദ്യ സിനിമയായ ഹോസ്ലാ രെഖ് ന്റെ റിലീസിന് ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വളരെ നിര്‍ബന്ധിച്ച ശേഷം ഷെഹനാസ് എത്തിയിരുന്നു. ഈ പഞ്ചാബി സിനിമയില്‍ ഷെഹനാസിനൊപ്പം ദില്‍ജിത്ത് ദോസഞ്ച്, സോനം ബജ്വ എന്നിവരുമുണ്ട്.