
ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എത്തുന്നവരുടെ വിരലില്‍ മഷി അടയാളം ഇടാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ ഇന്ന് നടപ്പാകില്ല. കേരളത്തിലെ ബാങ്കുകളില്‍ ഇതിന് ആവശ്യമായ മഷി എത്താത്തതാണ് ഇതിന് കാരണം. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് വിരലുകളില്‍ മഷി പുരട്ടിത്തുടങ്ങി.
ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലൂടെ പഴയനോട്ടുകള്‍ മാറാനെത്തുന്നവരുടെ വലത് കൈയ്യുടെ ചൂണ്ടുവിരലില്‍ മഷിപുരട്ടണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒറ്റത്തവണ മാത്രമേ നോട്ടുകള്‍ മാറ്റി വാങ്ങുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനാണ് ഈ നടപടി. അടയാളം ഇടാനുള്ള മഷി റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുന്നത്.
അടയാളം ഇടാനുള്ള നടപടികള്‍ തുടക്കത്തില്‍ മെട്രോ നഗരങ്ങളിലും തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്ക് ശാഖകളിലേയ്ക്കും 5 മില്ലി കറുത്ത മഷി അടങ്ങുന്ന കുപ്പികളും ഇത് പുരട്ടാനുള്ള ബ്രഷും എത്തിച്ചിട്ടുണ്ട്. ക്യഷറോ, ബാങ്ക് ചുമതലപ്പെടുത്തുന്ന ജീവനക്കാരനോ ഇടപാടുകാരന്റെ വിരലില്‍ മഷിപുരട്ടണമെന്നാണ് നിര്‍ദേശം.






