
കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍, കെ.ടി. റമീസ് തുടങ്ങി 29 പ്രതികള്‍ക്കെതിരേ 3000 പേജുള്ള കുറ്റപത്രമാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്. എന്നാല്‍, കേസിന്റെ പ്രാഥമികഘട്ടത്തില്‍ ആരോപണവിധേയരായ ഫൈസല്‍ ഫരീദും യു.എ.ഇ. കോണ്‍സല്‍ ജനറലും പ്രതിപ്പട്ടികയിലില്ല. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നമുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നു കസ്റ്റംസ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍.ഐ.എ. കുറ്റപത്രത്തില്‍ ശിവശങ്കറെ പ്രതിചേര്ത്തിരുന്നില്ലെങ്കിലും കസ്റ്റംസ് കേസില്‍ 29-ാം പ്രതിയാണ് അദ്ദേഹം. യഥാക്രമം സരിത്, സ്വപ്ന, സന്ദീപ് എന്നിവരാണ് ആദ്യമൂന്ന് പ്രതികള്‍. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും മറച്ചുവച്ചെന്നതാണു ശിവശങ്കറിനെതിരായ പ്രധാന ആരോപണം. മുഖ്യപ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ്, റമീസ് തുടങ്ങിയവര്‍ ലാഭം പങ്കിട്ടെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ 59 പേരെ ചോദ്യംചെയ്ത കസ്റ്റംസ് 29 പേരെയാണു പ്രതിചേര്‍ത്തത്. 21 തവണയായി 169 കിലോഗ്രാം സ്വര്‍ണം പ്രതികള്‍ കടത്തിയെന്നാണു കുറ്റപത്രം. 2019 ജൂണിലാണു പ്രതികള്‍ ആദ്യമായി സ്വര്‍ണം കടത്തിയത്. രണ്ടുതവണ പരീക്ഷണക്കടത്ത് നടത്തി. അതു വിജയമെന്നു കണ്ടതോടെ മുഖ്യ ആസൂത്രകന്‍ റമീസ് ഉള്‍പ്പടെയുള്ളവര്‍ കോഴിക്കോട്ടുനിന്നും മലപ്പുറത്തുനിന്നും നിക്ഷേപകരെ കണ്ടെത്തി. പിടികൂടപ്പെടുന്നതിനു മുമ്പ് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഇവര്‍ക്കു നല്കി ആഭരണങ്ങളാക്കി ജൂവലറികളില്‍ വിറ്റു.
21 തവണയായി റമീസ് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം മംഗലാപുരം മുതല്‍ ഹൈദരാബാദ് വരെയുള്ള ജൂവലറികള്ക്കാണു നല്‍കിയത്. ഈ സ്വര്‍ണം രൂപമാറ്റം വരുത്തിയതിനാല്‍ പിടിച്ചെടുക്കാനായില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയെങ്കിലും തെളിവുകള്‍ ശേഖരിേക്കണ്ടതിനാല് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.






